ദീപ് സിദ്ദുവിനെ പിടികൂടുന്നവര്‍ക്ക് ഒരു ലക്ഷം രൂപ; പാരിതോഷികം പ്രഖ്യാപിച്ച് ഡല്‍ഹി പോലീസ്

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ സമരത്തിനിടെ ചെങ്കോട്ടയില്‍ അതിക്രമം നടത്തിയവര്‍ക്ക് നേതൃത്വം നല്‍കിയെന്ന് ആരോപിക്കുന്ന നടന്‍ ദീപ് സിദ്ദുവിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു. ഡല്‍ഹി പോലീസാണ് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചത്.

താരത്തെപ്പറ്റിയും ഒപ്പം ഉണ്ടായിരുന്നവരെപ്പറ്റിയും എന്തെങ്കിലും വിവരങ്ങള്‍ അറിയിക്കുന്നവര്‍ക്ക് പണം ലഭിക്കും. സിദ്ദു അടക്കം മൂന്ന് പേരെപ്പറ്റിയുള്ള വിവരങ്ങള്‍ നല്‍കിയാല്‍ ഒരു ലക്ഷം രൂപയും മറ്റ് നാല് പേരെപ്പറ്റിയുള്ള വിവരങ്ങള്‍ അറിയിച്ചാല്‍ 50000 രൂപയുമാണ് ലഭിക്കുക.

അതേസമയം, അതിക്രമ സംഭവങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് താനല്ലെന്ന് സിദ്ദു അവകാശപ്പെട്ടിരുന്നു. ലക്ഷക്കണക്കിന് കര്‍ഷകരെ തനിക്കെങ്ങനെ സ്വാധീനിക്കാന്‍ കഴിയുമെന്ന് സിദ്ദു ചോദിച്ചു. തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് സിദ്ദു താന്‍ ഇക്കാര്യത്തില്‍ നിരപരാധിയാണെന്ന് അവകാശപ്പെട്ടത്.

ദീപ് സിദ്ദുവും ബിജെപിയുമായി ബന്ധമുണ്ടെന്നാണ് ആരോപണം. മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ആണ് ചില ചിത്രങ്ങള്‍ സഹിതം സിദ്ദുവിനെതിരെ രംഗത്തെത്തിയത്. ബിജെപി ബന്ധം തെളിയിക്കുന്നത് എന്നവകാശപ്പെട്ടുകൊണ്ട് ചില ചിത്രങ്ങളും അദ്ദേഹം തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പുറത്തുവിട്ടു.

പ്രധാനമന്ത്രി നരേന്ദ്രമോഡി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ക്കൊപ്പം ദീപ് സിദ്ദു നില്‍ക്കുന്ന ചിത്രങ്ങളാണ് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തത്. ചെങ്കോട്ടയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും സിഖ് പതാക ഉയര്‍ത്തിയതും സിദ്ദുവിന്റെ നേതൃത്വത്തിലാണെന്ന അടിക്കുറിപ്പോടെയായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

Exit mobile version