കൊവിഡ് ഭീതിയില്‍ രാജ്യം; തുടര്‍ച്ചയായി മൂന്നാം ദിവസവും രണ്ട് ലക്ഷം കടന്ന് രോഗികള്‍, 1341 മരണം

ന്യൂഡല്‍ഹി: കൊവിഡ് ഭീതിയില്‍ രാജ്യം. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,34,692 പേര്‍ക്ക് കൂടി രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിടുന്നത്. 1341 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,354 പേര്‍ കൊവിഡ് മുക്തരായി എന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,34,692 പേര്‍ക്ക് കൂടി രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,45,26,609 ആയി. ഇതില്‍ 1,26,71,220 പേര്‍ ഇതുവരെ രോഗമുക്തി നേടി. 1,75,649 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 16,79,740 പേര്‍ ചികിത്സയിലുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യയില്‍ ഇതുവരെ 11,99,37,641 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിലും ഡല്‍ഹിയിലും കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. മഹാരാഷ്ട്രയില്‍ ഇന്നലെ 63,729പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 398 പേര്‍ മരിച്ചു. ഡല്‍ഹിയില്‍ 19,486 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 141 പേര്‍ മരിച്ചു.

നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി ഉത്തര്‍പ്രദേശില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. മുഖാവരണം ധരിക്കാതെ പൊതുസ്ഥലങ്ങളില്‍ എത്തുന്നവര്‍ക്കുള്ള പിഴത്തുക ഇരട്ടിയാക്കി. ആദ്യതവണ പിടിക്കപ്പെടുന്നവര്‍ 1000 രൂപയും വീണ്ടും പിടിക്കപ്പെട്ടാല്‍ 10,000 രൂപയും അടയ്ക്കണം.

രാജസ്ഥാന്‍ വെള്ളിയാഴ്ച വൈകീട്ട് ആറുമുതല്‍ തിങ്കളാഴ്ച രാവിലെ അഞ്ചുവരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ബെംഗളൂരു ഉള്‍പ്പെടെ കര്‍ണാടകയിലെ എട്ടു നഗരങ്ങളിലെ രാത്രി കര്‍ഫ്യൂ ഏപ്രില്‍ 20 വരെ നീട്ടും.

Exit mobile version