രാജ്യത്തെ വരിഞ്ഞു മുറുക്കി കൊവിഡ്; കേരളമടക്കമുള്ള 12 സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ മെഡിക്കല്‍ ഓക്‌സിജന്‍

Medical Oxygen | Bignewslive

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19ന്റെ രണ്ടാം തരംഗം അതിരൂക്ഷമായി തുടരുകയാണ്. ദിനംപ്രതി ലക്ഷക്കണക്കിന് കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം രാജ്യത്ത് ആദ്യമായി പ്രതിദിനം രണ്ട് ലക്ഷത്തിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ കേരളമടക്കം 12 സംസ്ഥാനങ്ങള്‍ക്ക് അടിന്തരമായി കൂടുതല്‍ മെഡിക്കല്‍ ഓക്‌സിജന്‍ നല്‍കുമെന്ന് കേന്ദ്രം അറിയിക്കുന്നു.

കൊവിഡ് രൂക്ഷമായതിനെത്തുടര്‍ന്ന് ഈ മാസം കൂടുതല്‍ ഓക്‌സിജന്‍ വേണ്ടിവരുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാ് തീരുമാനം. ഏപ്രില്‍ 20, 25, 30 തീയതികള്‍ കണക്കാക്കി 4880 ടണ്‍, 5619 ടണ്‍, 6593 ടണ്‍ എന്നിങ്ങനെയാണ് അനുവദിക്കുകയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇതോടൊപ്പം തന്നെ, വരുംകാല ആവശ്യം മുന്നില്‍ക്കണ്ട് 100 ആശുപത്രികളില്‍ സ്വന്തമായി ഓക്‌സിജന്‍ ഉണ്ടാക്കുന്നതിനുള്ള പ്ലാന്റുകള്‍ സ്ഥാപിക്കാനും 50,000 ടണ്‍ ഓക്‌സിജന്‍ ഇറക്കുമതി ചെയ്യാനും തീരുമാനമായിട്ടുണ്ട്. വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിതലസമിതിയാണ് തീരുമാനമെടുത്തത്. 100 ആശുപത്രികളില്‍ ഓക്‌സിജന്‍ ഉത്പാദന പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ പിഎം കെയേഴ്സ് ഫണ്ടില്‍നിന്ന് സഹായം നല്‍കും.

Exit mobile version