കേരളത്തിലും കോവിഡ് വാക്‌സിന്‍ ക്ഷാമം: നാല് ദിവസത്തേക്കുള്ള വാക്‌സിന്‍ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ കോവിഡ് വാക്‌സിന്‍ ക്ഷാമം. വാക്സിന്‍ സ്റ്റോക്ക് പത്ത് ലക്ഷത്തിന് താഴേയാണ്.

തിരുവനന്തപുരം അടക്കം വിവിധ ജില്ലകളില്‍ ഇനി മൂന്നുമുതല്‍ നാല് ദിവസം വിതരണം ചെയ്യാനുള്ള വാക്‌സിന്‍ മാത്രമാണുള്ളത്. ഒരു ദിവസം മൂന്നു മുതല്‍ നാലു ലക്ഷം ഡോസ് വാക്‌സിനാണ് കേരളത്തില്‍ നല്‍കുന്നത്.

കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ വാക്‌സിന്‍ അനുവദിക്കാത്ത പക്ഷം പ്രതിരോധത്തെ പ്രതികൂലമായി ബാധിക്കും. മാര്‍ച്ച് 25നാണ് അവസാനമായി സംസ്ഥാനത്ത് വാക്‌സിന്‍ എത്തിയത്.

എല്ലാ ജില്ലകളിലും വാക്സിന്റെ സ്റ്റോക്ക് കുറവാണെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രാദേശിക തലത്തില്‍ നടത്തുന്ന ക്യാംപുകളില്‍ വലിയ രീതിയില്‍ വിതരണം നടന്നതോടെയാണ് വാക്സിന്‍ സ്റ്റോക്കില്‍ കുറവ് വന്നത്. ആവശ്യമായ സ്റ്റോക്ക് എത്തിയിട്ടില്ലെന്നതും അധികൃതരെ ആശങ്കയിലാക്കുന്നുണ്ട്.

അതേസമയം ഏപ്രില്‍ 20നകം കേന്ദ്രം കേരളത്തിന് അനുവദിച്ച വാക്സിനുകള്‍ എത്തുമെന്നാണ് സൂചന. കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലാണ് കൊവിഡ് സംഭരണ കേന്ദ്രങ്ങള്‍.

തിരുവനന്തപുരം ജില്ലയില്‍ 15,000 ഡോസുകള്‍ മാത്രമാണ് ഇനിയുള്ളതെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. മറ്റു ജില്ലകളിലും വാക്സിന് ദൗര്‍ലഭ്യമുണ്ട്. കൂടുതല്‍ വാക്സിനുകള്‍ എത്രയും വേഗം എത്തിക്കാന്‍ കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Exit mobile version