കോവിഡ് ലോക്ക്ഡൗൺ വീണ്ടും ഏർപ്പെടുത്തിയേക്കുമെന്ന് ഭയം; സ്വന്തം നാട്ടിലേക്ക് മടങ്ങി ഇതരസംസ്ഥാന തൊഴിലാളികൾ

covid-lockdown

ന്യൂഡൽഹി: കോവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമാകുന്നതിനിടെ ഇതരസംസ്ഥാന തൊഴിലാളികളും സ്വദേശത്തേക്ക് മടങ്ങുന്നു. വീണ്ടും രാജ്യത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയേക്കുമെന്ന ഭയത്തെ തുടർന്നാണ് ഡൽഹിയിൽ നിന്നും മുംബൈയിൽ നിന്നും സ്വന്തം നാട്ടിലേക്ക് ഇതര സംസ്ഥാന തൊഴിലാളികൾ മടങ്ങുന്നത്.

വൈറസിനേക്കാൾ ലോക്ക് ഡൗൺ വന്നാലുള്ള ദുരവസ്ഥയെ ഭയന്നാണ് നാട്ടിലേക്ക് മടങ്ങുന്നതെന്ന് ഡൽഹി ആനന്ദ് വിഹാർ ബസ് ടെർമിനലിൽ നിന്നും പുറപ്പെടാനൊരുങ്ങുന്ന തൊഴിലാളികൾ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മഹാരാഷ്ട്ര, ദൽഹി, പഞ്ചാബ്, മധ്യപ്രദേശ് സംസ്ഥാനങ്ങൾ രാത്രിയാത്ര നിരോധനം, നിയന്ത്രണം കർശനമാക്കൽ തുടങ്ങിയവ ആരംഭിച്ചിരുന്നു.

കോവിഡ് ഒന്നാം വ്യാപന സമയത്ത് കേന്ദ്രസർക്കാർ അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടർന്ന് നിരവധി ഇതര സംസ്ഥാന തൊഴിലാളികൾ നാട്ടിൽ പോകാനാകാതെ ബുദ്ധിമുട്ടിയിരുന്നു.

വാഹന ഗതാഗതം ഇല്ലാതിരുന്നതോടെ കാൽനടയായി കിലോമീറ്ററുകളോളം നടന്നുപോലും നാടുകളിലേക്ക് മടങ്ങിയ നിരവധി പേർ പാതിവഴിയിൽ കുഴഞ്ഞുവീണ് മരിച്ചതും രാജ്യത്തെ ദുഃഖത്തിലാഴ്ത്തിയിരുന്നു.

അതേസമയം, കഴിഞ്ഞ ദിവസം മാത്രം 1,15,736 പേർക്കാണ് ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യയിൽ കൊവിഡ് റിപ്പോർട്ട് ചെയ്തശേഷമുള്ള ഏറ്റവും വലിയ പ്രതിദിന വർധനവാണിത്. ഇതോടെ ആകെ കോവിഡ് കേസുകളുടെ എണ്ണം ഒരു കോടി ഇരുപത്തിയെട്ട് ലക്ഷമായി.

Exit mobile version