കൊവിഡ് രണ്ടാം തരംഗം ഗുരുതരം; അടുത്ത നാലാഴ്ച നിര്‍ണായകമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ഏറെ ഗുരുതരമെന്ന് കേന്ദ്രം. വരുന്ന നാലാഴ്ച നിര്‍ണായകമാണെന്നും ആര്‍ടിപിസിആര്‍ പരിശോധന കര്‍ശനമാക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. പ്രതിരോധ കുത്തിവെപ്പ് ശക്തമാക്കണമെന്നും നിര്‍ദേശിച്ചു. കേന്ദ്ര ആരോഗ്യവകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷണും നീതി ആയോഗ് അംഗം ഡോ. വിനോദ് പോളും സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

വ്യാപനം തീവ്രമായ സംസ്ഥാനങ്ങളിലേക്കയക്കാന് 50 കേന്ദ്ര സംഘങ്ങളെ രൂപീകരിച്ചതായും ഇവര്‍ അറിയിച്ചു. സ്ഥിതി ഗുരുതരമായി മാറുകയാണ്. കേസും മരണവും കൂടാമെന്നും ഡോ. പോള്‍ പറഞ്ഞു. അതേസമയം കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ രാത്രി പത്ത് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ കര്‍ഫ്യൂ പ്രഖ്യാപിച്ചു.

അടിയന്തര സേവനങ്ങള്‍ക്ക് മാത്രമാവും രാത്രി അനുമതി നല്‍കുക. ഗതാഗതത്തിന് ഇ-പാസ് നിര്‍ബന്ധമാക്കും. നിയന്ത്രണം ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു. ഏപ്രില്‍ 30 വരെയാണ് കര്‍ഫ്യൂ.

Exit mobile version