ഡൽഹിയിൽ ഇനി സർക്കാർ നോക്കുകുത്തി: അധികാരം ഗവർണർക്ക്; കേന്ദ്രം പദ്ധതി ഒരുക്കി; ആശുപത്രി കിടക്കയിൽ വെച്ച് ഒപ്പിട്ട് രാഷ്ട്രപതി

ന്യൂഡൽഹി: ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിനെ നോക്കുകുത്തിയാക്കി ഡൽഹിയുടെ അധികാരം ഗവർണർ കൈയ്യാളുന്ന ഡൽഹി ബിൽ നിയമമായി. ആശുപത്രി കിടക്കയിൽ വെച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചതോടെയാണ് ബില്ല് നിയമമായി മാറിയത്. ഇത് എന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം ഉടനെ അറിയിക്കും.

ബുധനാഴ്ച്ചയാണ് ബില്ല് രാജ്യസഭയിൽ പാസായത്. നെഞ്ചുവേദനയെ തുടർന്ന് ഡൽഹി എയിംസിൽ കഴിയുന്ന രാഷ്ട്രപതി ആശുപത്രിയിൽവെച്ച് ബില്ലിൽ ഒപ്പുവെച്ചതോടെ ഡൽഹി ബിൽ നിയമമാവുകയായിരുന്നു. കോൺഗ്രസ്, ആംആദ്മി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധത്തെ വകവെയ്ക്കാതെയാണ് കേന്ദ്ര സർക്കാരിന്റെ നടപടി. ശബ്ദവോട്ടോടെയാണ് ബില്ല് രാജ്യസഭയിൽ ബിജെപി പാസാക്കി എടുത്തത്.

അതേസമയം, വീണ്ടും അധികാരത്തിലേറിയതിനെ തുടർന്ന് ഗവർണറുമായി നിരന്തരം ഏറ്റുമുട്ടുന്ന കെജരിവാൾ സർക്കാരിന് വലിയ തിരിച്ചടിയായാണ് ബില്ല് പാസായിരിക്കുന്നത്. ഡൽഹി സർക്കാർ എന്നത് ഗവർണർ ആണെന്ന് കൃത്യമായി ബില്ലിൽ പ്രതിപാദിക്കുന്നുണ്ട്. സർക്കാർ ഏതെങ്കിലും നിർണായക തീരുമാനം എടുക്കുന്നതിന് മുമ്പ് ഗവർണരുടെ അഭിപ്രായം തേടേണ്ടത് അനിവാര്യമാണെന്നും ബില്ലിൽ പറയുന്നു.

ബില്ല് പാസായതിൽ രൂക്ഷമായി പ്രതികരിച്ച് ആംആദ്മി രംഗത്തെത്തി. കർഷക സമരത്തിന് സമാനമായ രീതിയിൽ ഡൽഹി ബില്ലിനെതിരെ ജനം തെരുവിലിറങ്ങും. ബില്ലിൽ രാഷ്ട്രപതി ഒപ്പിട്ടതിന്റെ ഒരു കാരണം മുഖ്യമന്ത്രി കെജരിവാൾ കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതാണെന്നും ആംആദ്മി ആരോപിച്ചു.

നേരത്തെ, ബില്ലിനെ ചൊല്ലി ലോക്‌സഭയിലും വലിയ ബഹളം ഉണ്ടായിരുന്നു. ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.

Exit mobile version