രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു; ഇന്നലെ രോഗം സ്ഥിരീകരിച്ചത് അറുപതിനായിരത്തോളം പേര്‍ക്ക്

ന്യൂഡല്‍ഹി:രാജ്യത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിദിന കൊവിഡ് കേസുകള്‍ അരലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,118 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 32,987 പേരാണ് രോഗമുക്തി നേടിയത്. 257 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,18,46,652 ആയി. ഇതില്‍ 1,12,64,637 പേര്‍ ഇതുവരെ രോഗമുക്തി നേടി. 1,60,949 പേരാണ് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. നിലവില്‍ 4,21,066 പേരാണ് ചികിത്സയില്‍ തുടരുന്നത്.

രാജ്യത്ത് ഇതുവരെ 5,55,04,440 പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. മഹാരാഷ്ട്രയിലാണ് കൂടുതല്‍ കേസ് റിപ്പോര്‍ട്ട് ചെയ്തത്. വ്യാഴാഴ്ച സംസ്ഥാനത്ത് 35,952 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

ഇതോടെ മഹാരാഷ്ട്രയില്‍ രോഗം പിടിപെട്ടവരുടെ എണ്ണം വ്യാഴാഴ്ച 26 ലക്ഷം കടന്നു. 20,444 പേര്‍ ആശുപത്രി വിട്ടതോടെ സംസ്ഥാനത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 22.83 ലക്ഷമായി. 111 പേരാണ് 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 53,795 ലേക്കുയര്‍ന്നു. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2,62,685 ആണ്.

Exit mobile version