മുന്നൂറില്‍ മുന്നൂറ്! എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടി ചരിത്രം കുറിച്ച് കാവ്യ

ന്യൂഡല്‍ഹി: എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടി പുതു ചരിത്രം കുറിച്ച് ഡല്‍ഹി സ്വദേശിനി കാവ്യ ചോപ്ര. പരീക്ഷയില്‍ നൂറു ശതമാനം മാര്‍ക്ക് നേടിയിരിക്കുകയാണ് ഈ പതിനേഴുകാരി. എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ മുന്നൂറില്‍ മുന്നൂറ് മാര്‍ക്കും നേടുന്ന ആദ്യ പെണ്‍കുട്ടിയാണ് കാവ്യ.

ഫെബ്രുവരിയില്‍ നടന്ന പരീക്ഷയില്‍ 99.9% മാര്‍ക്ക് നേടിയ കാവ്യ, സ്‌കോര്‍ മെച്ചപ്പെടുത്തുന്നതിനായാണ് മാര്‍ച്ചില്‍ വീണ്ടും പരീക്ഷ എഴുതിയത്. ഇതില്‍ മുഴുവന്‍ മാര്‍ക്കും നേടുകയും ചെയ്തു. ആദ്യം നേടിയ 99.9% സ്‌കോര്‍ അടിസ്ഥാനമാക്കി തന്നെ ജെഇഇ അഡ്വാന്‍സ്ഡിന് യോഗ്യത നേടാന്‍ കഴിയുമായിരുന്നുവെങ്കിലും അതില്‍ തൃപ്തയായിരുന്നില്ലെന്നാണ് കാവ്യ പറയുന്നത്. കൂടുതല്‍ മികച്ചത് ചെയ്യാനാകുമെന്ന് അറിയാമായിരുന്നുവെന്നും കാവ്യ പറയുന്നു.

പ്രശസ്ത കോച്ചിംഗ് സെന്ററായ കോട്ടയിലെ വിദ്യാര്‍ഥിനിയായ കാവ്യ, ഐഐടി പ്രവേശന പരീക്ഷയ്ക്കായി തയ്യാറെടുക്കുകയാണ്. ഐഐടി-ഡല്‍ഹിയില്‍ നിന്നോ ഐഐടി-ബോംബെയില്‍ നിന്നോ കമ്പ്യൂട്ടര്‍ സയന്‍സ് പഠിക്കാനാണ് ലക്ഷ്യമിടുന്നത്. ‘കണക്ക് വളരെ ഇഷ്ടമാണ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നത് കണക്കിന്റെ രൂപം തന്നെയാണ്. ഒപ്പം സാമ്പത്തികമായി സ്ഥിരതയുള്ള കരിയറും’, കാവ്യ വ്യക്തമാക്കി.

എഞ്ചിനിയറാണ് കാവ്യയുടെ പിതാവ്. അച്ഛനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പഠനത്തിനായി എഞ്ചിനീയറിംഗ് തെരഞ്ഞെടുത്തതും. പരീക്ഷയ്ക്കായി ദിവസവും ഏഴ്-എട്ട് മണിക്കൂര്‍ വരെ പഠിച്ചിരുന്നു. ആദ്യ ശ്രമത്തില്‍ കെമിസ്ട്രി വിഭാഗത്തില്‍ മാര്‍ക്ക് കുറഞ്ഞിരുന്നു അതുകൊണ്ട് തന്നെ മാര്‍ച്ചിലെ പരീക്ഷയ്ക്ക് മുന്നോടിയായി ആ വിഭാഗത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ലോക്ക്ഡൗണ്‍ കാലയളവില്‍ മാനസികമായി സമ്മര്‍ദ്ദം ഉണ്ടായിരുന്നുവെങ്കിലും പരീക്ഷയില്‍ ഉന്നത വിജയം നേടണമെന്ന ഉറച്ച വിശ്വാസം തന്നിലുണ്ടായിരുന്നുവെന്നും കാവ്യ വ്യക്തമാക്കി.

ജെഇഇ മെയിന്‍ മാര്‍ച്ചില്‍ നടന്ന പരീക്ഷയുടെ ഫലം കഴിഞ്ഞ ദിവസമാണ് പ്രസിദ്ധീകരിച്ചത്. ആറുലക്ഷത്തോളം പേര്‍ എഴുതിയ പരീക്ഷയില്‍ പതിമൂന്ന് കുട്ടികളാണ് മുഴുവന്‍ മാര്‍ക്കും നേടിയിരിക്കുന്നത്. ഫെബ്രുവരിയില്‍ നടന്ന പരീക്ഷയില്‍ ഒമ്പത് കുട്ടികള്‍ 100% വിജയം കരസ്ഥമാക്കിയിരുന്നു. എന്‍ടിഎ മെയില്‍ നടത്തുന്ന പരീക്ഷ കൂടി കഴിഞ്ഞ ശേഷമാകും ആള്‍ ഇന്ത്യ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക.

Exit mobile version