രാജ്യത്തെ ഒന്നിപ്പിച്ച ബംഗാളിൽ ചിലരെ അന്യദേശക്കാർ എന്ന് മുദ്രകുത്തി മമത സർക്കാർ അപമാനിച്ചു; ഇവിടെ ഒരു ഇന്ത്യക്കാരനും പരദേശിയാകില്ല: മോഡി

കൊൽക്കത്ത: രവീന്ദ്രനാഥ ടാഗോറിനേയും ബംഗാളിന്റെ സ്വാതന്ത്രസമരകാലത്തെ ചരിത്രത്തേയും വാഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. വന്ദേമാതരത്തിലൂടെ രാജ്യത്തെ ഒന്നിപ്പിച്ച നാടാണ് ബംഗാൾ. അവിടെ ചിലരെ അന്യദേശക്കാരെന്ന് മുദ്രകുത്തി മുഖ്യമന്ത്രി മമത ബാനർജി അപമാനിച്ചെന്നും നരേന്ദ്ര മോഡി ആരോപിച്ചു.

ബംഗാൾ മണ്ണിന്റെ പുത്രൻ തന്നെ ബിജെപിയുടെ മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. പശ്ചിമ ബംഗാളിലെ പൂർവ മേദിനിപ്പൂരിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിലായിരുന്നു മോഡിയുടെ പ്രസംഗം.

ഞങ്ങളെ ടൂറിസ്റ്റുകളെന്നാണ് വിളിക്കുന്നത്. മമത ദീദി ഞങ്ങളെ പരിഹസിക്കുകയും ചെയ്യുന്നു. ഇവിടെ ഒരു ഇന്ത്യക്കാരനും പരദേശിയാകില്ല. ബങ്കിം ചന്ദ്ര ചാറ്റർജിയുടെയും രവീന്ദ്ര നാഥ ടാഗോറിന്റെയും സുഭാഷ് ചന്ദ്ര ബോസിന്റെയും മണ്ണാണിത്. ടാഗോറിന്റെ നാട്ടുകാർ ഒരു ഇന്ത്യക്കാരനെയും പരദേശിയായി കാണില്ലെന്ന് മമത ഓർക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

പടിവാതിൽക്കലാണ് സർക്കാറെന്നാണ് മമത പറയുന്നത്. മേയ് രണ്ടിന് ബംഗാളുകാർ അവർക്ക് പുറത്തേക്കുള്ള വാതിൽ കാണിച്ചുകൊടുക്കുമെന്നും മോഡി പരിഹസിച്ചു.

നേരത്തെ, പൗരത്വ രജിസ്റ്ററും പൗരത്വ നിയമവും ബംഗാളിൽ നടപ്പാക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ബിജെപി അവകാശപ്പെട്ടിരുന്നെങ്കിലും പിന്നീട് ഈ അവകാശവാദങ്ങൾ പിൻവലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബംഗാളിൽ പുതിയ തന്ത്രം ബിജെപി പയറ്റുന്നത്.

294 നിയോജക മണ്ഡലങ്ങളിലേക്ക് എട്ടു ഘട്ടങ്ങളായാണ് ബംഗാളിൽ വോട്ടെടുപ്പ് നടക്കുന്നത്. ആദ്യഘട്ടം ഈ മാസം 27ന് നടക്കും. ഏപ്രിൽ 29നാണ് അവസാന ഘട്ടം. മേയ് രണ്ടിന് വോട്ടെണ്ണും.

Exit mobile version