ഒരു വർഷത്തിന് ശേഷം ഇതാദ്യം; ചരിത്രം രചിച്ച ഇന്ധനവില തുടർച്ചയായി രണ്ടാംദിനവും കുറഞ്ഞു!

petrol

ന്യൂഡൽഹി: ഒരു വർഷത്തിന് ശേഷം ഇന്ധനവില കുറഞ്ഞതിന് പിന്നാലെ തുടർച്ചയായി അടുത്തദിവസവും വില കുറച്ച് ജനങ്ങളെ ഞെട്ടിച്ച് കേന്ദ്രസർക്കാരും എണ്ണക്കമ്പനികളും. തുടർച്ചയായ രണ്ടാം ദിവസവും ഇന്ധനവില കുറഞ്ഞിരിക്കുകയാണ്. പെട്രോളിനും ഡീസലിനും 21 പൈസ വീതമാണ് കുറഞ്ഞിരിക്കുന്നത്.

ഇതോടെ, രണ്ടുദിവസത്തിനിടെ ഇന്ധനവിലയിൽ 39 പൈസയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. പെട്രോൾ ലിറ്ററിന് 91.05 രൂപയും ഡീസൽ 85.63 രൂപയുമാണ് ഇന്നത്തെ വില. ഫെബ്രുവരിയിൽ 16 തവണ ഇന്ധനവില വർധിപ്പിച്ച് സാധാരണക്കാരുടെ പോക്കറ്റ് ചോർത്തുകയായിരുന്നു എണ്ണക്കമ്പനികൾ ചെയ്തിരുന്നത്. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ് എണ്ണവില എത്തിയത്. ജനങ്ങൾ പ്രതിഷേധിച്ചതോടെ ഇന്ധന വില കണക്കാക്കുന്നത് എണ്ണക്കമ്പനികളാണെന്നും ഇതിൽ തങ്ങൾക്കൊന്നും ചെയ്യാനില്ലെന്നും ധനമന്ത്രി നിർമല സീതാരാമൻ പ്രതികരിച്ചിരുന്നു.

എന്നാൽ പിന്നീട് രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഫെബ്രുവരി 28 മുതൽ എണ്ണവില ഉയരുന്നത് സഡൻ ബ്രേക്കിട്ട് നിർത്താൻ കേന്ദ്രത്തിന് സാധിക്കുകയും ചെയ്തിരുന്നു. മാർച്ച് മാസത്തിൽ എണ്ണവില ഉയരാത്തത് കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയർന്നിട്ടും ഇന്ത്യയിൽ വില സ്ഥിരതയിൽ ആയിരുന്നു. ഇതും കേന്ദ്ര സർക്കാരിന് നേരെ ചോദ്യമെറിഞ്ഞിരുന്നു.

ഒടുവിൽ ഇപ്പോഴിതാ ഒരു വർഷത്തിന് ശേഷം ഇന്നലെ ആദ്യമായി ഇന്ധനവില കുറയുകയും തുടർച്ചയായി ഇന്നും ഇന്ധനവിലയിൽ കുറവ് വരികയും ചെയ്തിരിക്കുകയാണ്. കഴിഞ്ഞമാസം രാജസ്ഥാൻ, മധ്യപ്രദേശ്, എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ ഇന്ധനവില 100 രൂപ കടന്നിരുന്നു.

Exit mobile version