കൊവിഡ് വ്യാപനം; രാജ്യാന്തര വിമാന സര്‍വീസ് വിലക്ക് വീണ്ടും നീട്ടി, ഏപ്രില്‍ 30 വരെ വിലക്ക്

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീട്ടി. ഏപ്രില്‍ 30 വരെയാണ് വിലക്ക് നീട്ടിയിരിക്കുന്നത്. കൊവിഡ് വ്യാപനം വീണ്ടും ഉയര്‍ന്ന് വരുന്ന സാഹചര്യത്തിലാണ് വിലക്ക് ഏപ്രില്‍ 30 വരെ നീട്ടിയത്.

നിലവില്‍ കഴിഞ്ഞ ഒരു വര്‍ഷമായി രാജ്യാന്തര വിമാന സര്‍വീസുകള്‍ അനുവദിക്കുന്നില്ല. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് രാജ്യാന്തര വിമാനസര്‍വീസുകള്‍ക്ക് ആദ്യമായി വിലക്ക് ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് ഘട്ടം ഘട്ടമായി വിലക്ക് നീട്ടുകയായിരുന്നു.

അതേസമയം വിദേശത്ത് കുടുങ്ങി കിടക്കുന്നവരെ നാട്ടില്‍ എത്തിക്കുന്നതിനുള്ള വന്ദേഭാരത് മിഷന്‍, യാത്രക്കാര്‍ക്കായി രാജ്യങ്ങള്‍ തമ്മില്‍ ഉണ്ടാക്കുന്ന താത്കാലിക ക്രമീകരണമായ എയര്‍ ബബിള്‍ സംവിധാനം കര്‍ഗോ എന്നിവയ്ക്ക് ഇളവുണ്ട്. അമേരിക്ക ഉള്‍പ്പെട 27 രാജ്യങ്ങളുമായി പ്രത്യേക ധാരണയുടെ അടിസ്ഥാനത്തില്‍ രാജ്യാന്തര വിമാനസര്‍വീസുകള്‍ അനുവദിച്ചിട്ടുണ്ട്.

അതേസമയം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അസോസിയേഷന്‍ 3,000 കോടി ഡോളര്‍ നഷ്ടമാണ് ഈ വര്‍ഷം മാത്രം ആഗോള ഏവിയേഷന്‍ മേഖലയില്‍ കണക്കാക്കുന്നത്. ആഭ്യന്തര, രാജ്യാന്തര ഫ്‌ലൈറ്റുകള് റദ്ദു ചെയ്തതു മൂലം കനത്ത നഷ്ടമാണ് മിക്ക എയര്‍ലൈന്‍ കമ്പനികള്‍ക്കുമുള്ളത്. കൊറോണയ്ക്ക് ശേഷം സാമൂഹ്യ അകലം പാലിച്ചു കൊണ്ടുള്ള ഫ്‌ലൈറ്റുകളുടെ പ്രവര്‍ത്തനവും കമ്പനികള്‍ക്ക് ലാഭകരമല്ല.

Exit mobile version