ആശങ്ക ഉയര്‍ത്തി കൊവിഡ്; രാജ്യത്ത് ഇന്നലെ അരലക്ഷത്തോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, മുംബൈ അടച്ച് പൂട്ടലിലേക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് ആശങ്ക ഉയര്‍ത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 47,262 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 23,907 പേര്‍ രോഗമുക്തരായപ്പോള്‍ 275 മരണങ്ങളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരണ സംഖ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്ന് 47,262 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,17,34,058 ആയി. ഇതില്‍ 1,12,05,160 പേര്‍ ഇതുവരെ രോഗമുക്തി നേടി. 1,60,441 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്താകമാനം ഇതുവരെ മരണമടഞ്ഞത്. വിവിധ സംസ്ഥാനങ്ങളിലായി 3,68,457 പേരാണ് ചികിത്സയില്‍ തുടരുന്നത്. രാജ്യത്ത് ഇതുവരെ 5,08,41,286 പേര്‍ക്ക് കൊവിഡ് വാക്‌സിന് നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് വ്യക്തമാക്കുന്നു.

മഹാരാഷ്ട്രയിലാണ് രോഗികളുടെ എണ്ണം കൂടുതല്‍. ചൊവ്വാഴ്ച മഹാരാഷ്ട്രയില്‍ മാത്രം 28,699 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം പിടിപെട്ടവരുടെ എണ്ണം 25.33 ലക്ഷമായി. ആകെ 53,589 പേരാണ് മരണമടഞ്ഞത്. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2,30,641 ആയി ഉയര്‍ന്നിട്ടുണ്ട്.

അടുത്ത ദിവസങ്ങളില്‍ കൂടി കൊവിഡ് സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചാല്‍ മുംബൈ അടക്കം പലയിടത്തും ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടിവരുമെന്നാണ് സര്‍ക്കാര്‍വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നിയന്ത്രണത്തിന്റെ ഭാഗമായി മുംബൈയില്‍ സ്വകാര്യ ഓഫീസുകളില്‍ ജീവനക്കാരുടെ എണ്ണം 50 ശതമാനമാക്കിയിട്ടുണ്ട്. നാഗ്പുര്‍,പര്‍ഭനി, പാല്ഘര്‍, നാസിക് എന്നിവിടങ്ങളില്‍ ഭാഗിക ലോക്ഡൗണും രാത്രി കര്‍ഫ്യൂവും നിലവില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Exit mobile version