കേന്ദ്രം വീട് നൽകിയ 24 ലക്ഷം കുടുംബങ്ങളിൽ ഒരാൾ ലക്ഷ്മിയുടേതെന്ന് മോഡിയുടെ പരസ്യം; യഥാർത്ഥത്തിൽ ശുചിമുറി പോലുമില്ലാത്ത വാടകവീട്ടിൽ അന്തിയുറങ്ങി ലക്ഷ്മിയെന്ന വീട്ടമ്മ; നാണക്കേടിൽ ബിജെപി

കൊൽക്കത്ത: ഫെബ്രുവരി 25ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പരസ്യമായി ബംഗാളിലെ ചില പത്രങ്ങളിൽ പ്രസിദ്ധീകരിച്ച പാർപ്പിട പദ്ധതിയുടെ പരസ്യത്തെ ചൊല്ലി വിവാദം. പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രസിദ്ധീകരിച്ച പ്രധാനമന്ത്രി ആവാസ് യോജന (പാർപ്പിട പദ്ധതി) പ്രകാരം 24 ലക്ഷം കുടുംബങ്ങൾക്ക് ബംഗാളിൽ വീട് ലഭിച്ചുവെന്നായിരുന്നു ആ പരസ്യത്തിൽ പറഞ്ഞിരുന്നത്. ആത്മനിർഭർ ഭാരത് ആത്മനിർഭർ ബംഗാൾ’ എന്ന പരസ്യത്തിൽ പ്രധാനമന്ത്രിയുടെ ചിത്രത്തോടൊപ്പം വീട് ലഭിച്ചുവെന്ന് കാണിച്ച് ഒരു സ്ത്രീയുടെ ചിത്രവും കാണാനാകും. ‘പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം എനിക്കൊരു വീട്, എന്റെ തലയ്ക്ക് മുകളിൽ ഒരു മേൽക്കൂര’ എന്ന് സ്ത്രീ പറയുന്നതായും ഈ പരസ്യത്തിൽ ചിത്രീകരിച്ചിരുന്നു.

എന്നാൽ പരസ്യത്തിന്റെ സത്യാവസ്ഥ തേടിയെത്തിയ മാധ്യമങ്ങളുടെ കണ്ടെത്തൽ ബിജെപിയെ തന്നെ നാണംകെടുത്തിയിരിക്കുകയാണ്. മോഡിയുടെ പരസ്യത്തിൽ പിഎംഎവൈ പദ്ധതിപ്രകാരം വീട് ലഭിച്ചുവെന്ന് പറയുന്ന സ്ത്രീക്ക് സ്വന്തമായി വീടുപോലുമില്ല. ഇവർ കഴിയുന്നതാകട്ടെ ടോയ്‌ലറ്റ് പോലുമില്ലാത്ത വാടക വീട്ടിലും.

കൊൽക്കത്ത ബൗബാസർ പ്രദേശത്തെ മലങ്ക ലെയിനിൽ താമസിക്കുന്ന ലക്ഷ്മി ദേവിയാണ് മോഡിയുടെ പരസ്യത്തിലുള്ള സ്ത്രീ. ‘ന്യൂസ് ലോണ്ട്രി’ അടക്കമുള്ള മാധ്യമങ്ങൾ നടത്തിയ അന്വേഷണത്തിലാണ് ലക്ഷ്മിക്ക് പരസ്യത്തിൽ പറയുന്നതുപോലെ വീട് ലഭിച്ചിട്ടില്ലെന്ന് വ്യക്തമായത്. തനിക്ക് യാതൊന്നും ലഭിച്ചിട്ടില്ലെന്നാണ് ലക്ഷ്മിക്ക് വ്യക്തമാക്കുകയായിരുന്നു.

‘ആ ചിത്രത്തിലുള്ള സ്ത്രീ ഞാനാണ്. എന്നാൽ പരസ്യത്തെക്കുറിച്ച് തനിക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ല’ സ്ത്രീ പ്രതികരിച്ചു. കേന്ദ്ര സർക്കാറിന്റെ പദ്ധതിയിലൂടെ തനിക്ക് വീട് ലഭിച്ചിട്ടില്ല. ബാഹുബസാറിൽ 500 രൂപ വാടക നൽകി ഒറ്റമുറിയെടുത്താണ് ഞാനും ആറംഗ കുടുംബവും കഴിയുന്നത്. രാത്രിയിൽ കുട്ടികൾ അകത്ത് കിടന്നുറങ്ങുമ്പോൾ ഞങ്ങൾ വഴിയോരത്ത് കിടക്കാൻ നിർബന്ധിതരാകും’ ലക്ഷ്മി പറഞ്ഞു. ഒരു കിടക്കയും റെഫ്രിജറേറ്റും മാത്രമാണ് ആ ഒറ്റമുറി വീട്ടിലെ ആകെ സമ്പാദ്യം. ‘ഞങ്ങൾക്കൊരു ശുചിമുറി പോലുമില്ല’- ലക്ഷ്മി കൂട്ടിച്ചേർത്തു.

പരസ്യത്തിൽ ചിത്രം വന്നകാര്യം ബിജെപിക്കാരോട് അന്വേഷിച്ചിരുന്നോയെന്ന് ചോദിച്ചപ്പോൾ അവരോട് ഇതുവരെ സംസാരിച്ചില്ലെന്നും അക്ഷരാഭ്യാസമില്ലാത്തതിനാൽ തനിക്കിതൊന്നും അറിയില്ലെന്നുമായിരുന്നു ലക്ഷ്മിയുടെ മറുപടി.

അയൽവാസികൾ പറഞ്ഞതിന് ശേഷമാണ് പരസ്യത്തിൽ ചിത്രം വന്നതുപോലും അറിയുന്നതെന്നും തനിക്ക് വീട് ലഭിച്ചുവെന്ന വാർത്ത നിഷേധിക്കുകയും ചെയ്‌തെന്നും ലക്ഷ്മി കൂട്ടിച്ചേർത്തു. ബാബുഗട്ടിൽ മേള നടക്കുന്നതിനിടെ 10 ദിവസം കക്കൂസ് ശുചീകരണത്തിന് കരാറടിസ്ഥാനത്തിൽ ജോലിക്ക് ചെന്നപ്പോഴാകാം ഫോട്ടോ എടുത്തതെന്നും അവർ പറഞ്ഞു.

Exit mobile version