ഖുശ്ബുവിനെ അനുനയിപ്പിച്ച് ബിജെപി; തൗസന്റ് ലൈറ്റ്സില്‍ സ്ഥാനാര്‍ഥിയാവും

ചെന്നൈ: ചലച്ചിത്ര താരം ഖുശ്ബു തമിഴ്നാട്ടില്‍ ബിജെപി സ്ഥാനാര്‍ഥിയാകും. ചെന്നൈ സെന്‍ട്രലിലെ തൗസന്റ് ലൈറ്റ്സ് മണ്ഡലത്തില്‍ നിന്നാണ് ഖുശ്ബു ജനവിധി തേടുക.

20 സീറ്റുകളിലാണ് ബിജെപി തമിഴ്നാട്ടില്‍ മത്സരിക്കുന്നത്. തമിഴ്നാട് ബിജെപി സംസ്ഥാന പ്രസിഡന്റടക്കം ജനവിധി തേടുന്നുണ്ട്. അണ്ണാഡിഎംകെയൊടൊപ്പം സഖ്യമായാണ് ബിജെപി മത്സരിക്കുന്നത്.

കോയമ്പത്തൂര്‍ സൗത്തില്‍ വനതി ശ്രീനിവാസനാണ് മത്സരിക്കുന്നത്. ഇവിടെ മക്കള്‍ നീതി മയ്യം സ്ഥാനാര്‍ത്ഥിയായി കമല്‍ഹാസനും മത്സരിക്കുന്നുണ്ട്. ധരംപുരയില്‍ നിന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് എല്‍ മുരുഗന്‍ ജനവിധി തേടുന്നത്. മുതിര്‍ന്ന നേതാവ് എച്ച് രാജ കരൈകുഡിയില്‍ നിന്ന് ജനവിധി തേടും.

നേരത്തെ ചെപ്പോക്ക് നിയമസഭാ മണ്ഡലത്തില്‍ നടി ഖുശ്ബു മത്സരിക്കുെമന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും അണ്ണാ ഡിഎംകെ മണ്ഡലം പിഎംകെയ്ക്ക് നല്‍കിയതോടെയാണ് ഖുശ്ബുവിന്റെ സാധ്യത അവസാനിക്കുകയായിരുന്നു. ഡിഎംകെ അധ്യക്ഷനായിരുന്ന എം കരുണാനിധി മത്സരിച്ചിരുന്ന മണ്ഡലമാണിത്. മണ്ഡലത്തില്‍ ഖുശ്ബു വലിയ തോതില്‍ പ്രചാരണം നടത്തിയിരുന്നു. ബിജെപിക്ക് നല്‍കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന മണ്ഡലം അവസാന നിമിഷമാണ് എഐഡിഎംകെ, പിഎംകെയ്ക്ക് കൈമാറിയത്.

സീറ്റ് ലഭിക്കാത്തതില്‍ അതൃപ്തി പരസ്യമാക്കുകയും സീറ്റ് ലഭിച്ചില്ലെങ്കില്‍ പ്രവര്‍ത്തനം ഡല്‍ഹിയിലേക്ക് മാറ്റുമെന്ന് ഖുശ്ബു സംസ്ഥാന നേതൃത്വത്തോട് വ്യക്തമാക്കിയിരുന്നു.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പേ ചെന്നൈ ചെപ്പോക്കില്‍ മൂന്ന് മാസത്തോളമായി പ്രചാരണത്തിലായിരുന്നു ഖുശ്ബു. ദേശീയ നേതൃത്വത്തിന്റെ അനുമതി നേടിയാണ് പ്രചാരണം തുടങ്ങിയത്.

Exit mobile version