കാശിയിലെയും മഥുരയിലെയും മസ്ജിദുകള്‍ പിടിച്ചെടുക്കണം: ചര്‍ച്ചയാരംഭിച്ച് ആര്‍എസ്എസ്

ന്യൂഡല്‍ഹി: കാശിയിലെ വിശ്വനാഥ മന്ദിറിനും മഥുരയിലെ കൃഷ്ണ ജന്മഭൂമിക്കും അടുത്തുള്ള മസ്ജിദുകള്‍ പിടിച്ചെടുക്കണമെന്ന വിശ്വഹിന്ദു പരിഷത്തിന്റെ ആവശ്യങ്ങളില്‍ ചര്‍ച്ചയാരംഭിച്ച് ആര്‍എസ്എസ്.

ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കായി ആര്‍എസ്എസും വിഎച്ച്പിയും തയ്യാറെടുക്കുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

കാശി വിശ്വനാഥ ക്ഷേത്രത്തിന് അടുത്തുള്ള പള്ളി 12 ജ്യോതിര്‍ലിംഗങ്ങളില്‍ (ശിവന്റെ ഭക്തിരൂപം) ഒന്നാണ് എന്നാണ് സംഘ്പരിവാര്‍ അവകാശപ്പെടുന്നത്. മഥുരയിലെ ഈദ്ഗാഹ് മസ്ജിദ് കൃഷ്ണന്റെ ജന്മസ്ഥലമാണ് എന്നും അവര്‍ അവകാശപ്പെടുന്നു.

മതയടയാളങ്ങളെയും സംസ്‌കാരത്തെയും തകര്‍ത്ത ‘വൈദേശിക അതിക്രമകാരികള്‍’ക്ക് കീഴിലുള്ള ഇന്ത്യയുടെ ‘അടിമത്വ’ത്തെയാണ് ഇവ രണ്ടും സൂചിപ്പിക്കുന്നത് എന്ന് സംഘ് പരിവാര്‍ പറയുന്നു.

ആരാധനാലയ സംരക്ഷണ നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുന്ന സമയം, ഈ വിഷയം പരസ്യമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ പറ്റിയ സമയമാണെന്ന് സംഘ്പരിവാര്‍ കരുതുന്നു.

നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ബിജെപി നേതാവ് അശ്വിനി ഉപാധ്യായയാണ് സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്. ഹര്‍ജിയില്‍ കോടതി കേന്ദ്രസര്‍ക്കാറിന് നോട്ടീസയച്ചിട്ടുണ്ട്. 1947 ഓഗസ്റ്റ് 15ന് നിലവിലുണ്ടായിരുന്ന ആരാധനാലയങ്ങള്‍ പരിവര്‍ത്തനം ചെയ്യാതെ അതാതു മതവിഭാഗങ്ങളുടെ കൈവശം സംരക്ഷിച്ചു നിര്‍ത്തണമെന്ന നിയമത്തിലാണ് കോടതിയുടെ ഇടപെടല്‍.

Exit mobile version