ഭർത്താവ് മർദ്ദിച്ചതിന് പ്രതികാരം; കൊലപ്പെടുത്താൻ കാമുകന് ക്വട്ടേഷൻ നൽകി ഭാര്യ; ടാക്‌സി ഡ്രൈവർക്ക് നേരെ വെടിയുതിർത്ത് 23കാരൻ

ന്യൂഡൽഹി: വിവാഹേതര ബന്ധം അറിഞ്ഞ് ഭർത്താവ് മർദ്ദിച്ചതിന്റെ പ്രതികാരമായി കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകി യുവതി. തെക്കൻ ഡൽഹിയിൽ കാർ ഡ്രൈവർക്ക് നേരേ വെടിയുതിർത്ത സംഭവം അന്വേഷിക്കുന്നതിനിടെ പോലീസാണ് സംഭവം വധശ്രമമാണെന്ന് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ ഡ്രൈവറുടെ ഭാര്യയായ യുവതിയേയും കാമുകനേയും അറസ്റ്റ് ചെയ്തു.

കഴിഞ്ഞദിവസമാണ് തെക്കൻ ഡൽഹിയിലെ ഡിഫൻസ് കോളനിയിൽവെച്ച് ചിരാഗ് ഡൽഹി സ്വദേശി ഭീംരാജിന്(45) നേരെ ആക്രമണമുണ്ടായത്. വെടിയേറ്റ് കഴുത്തിൽ ഗുരുതരമായി പരിക്കേറ്റ് വീണ ഭീംരാജിനെ വിദഗ്ധ ചികിത്സയ്ക്കായി ഡൽഹി എയിംസിലേക്ക് മാറ്റിയിരിക്കുകയാണ്.

ഭീംരാജിന്റെ ഭാര്യ ബബിത(41)യുടെ നിർദേശപ്രകാരം കാമുകനായ രോഹനാണ്(23) വെടിയുതിർത്തതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ബബിതയും രോഹനും കഴിഞ്ഞ നാല് മാസമായി അടുപ്പത്തിലായിരുന്നു. ഈ ബന്ധം ഭീംരാജ് അറിഞ്ഞതോടെ ഭാര്യയെ ഉപദ്രവിച്ചു. തുടർന്നാണ് ഭർത്താവിനെ കൊലപ്പെടുത്താൻ ബബിത കാമുകനെ നിർബന്ധിച്ചത്. ഭർത്താവിനെ ഇല്ലാതാക്കാതെ കാമുകനുമായുള്ള ബന്ധം തുടരാനാകില്ലെന്ന് മനസിലാക്കിയ ബബിത കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു.

ഭീംരാജ് തന്റെ കാറിനകത്ത് ഇരിക്കുന്നതിനിടെയാണ് ബൈക്കിലെത്തിയ രോഹൻ വെടിയുതിർത്തത്. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. ഇതിനുശേഷം ഇയാൾ ബൈക്കിൽ രക്ഷപ്പെടുകയും ചെയ്തു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് പോലീസിന് വാഹനത്തെ കുറിച്ചുള്ള വിവരം ലഭിച്ചത്. തുടർന്ന് അന്വേഷണം റാണപ്രതാപ് നഗർ സ്വദേശിയിലേക്ക് എത്തുകയും ഇയാൾ ഈ വാഹനം മലനഗർ സ്വദേശിയായ ലഖാൻ എന്നയാൾക്ക് വിറ്റതായും മൊഴി നൽകി. തുടർന്ന് ലഖാനെന്നയാളെ പോലീസ് കണ്ടെത്തിയെങ്കിലും ഇയാൾ ബൈക്ക് മറ്റൊരാൾക്ക് വിറ്റതായി പോലീസ് സ്ഥിരീകരിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഗോവിന്ദ്പുരി സ്വദേശിയായ രോഹനാണ് ബൈക്ക് വാങ്ങിയ വ്യക്തിയെന്ന് തിരിച്ചറിഞ്ഞത്. ഇതിനിടെ, രോഹന്റെ കൂടുതൽ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു.

എന്നാൽ, കസ്റ്റഡിയിലെടുത്തുള്ള ചോദ്യംചെയ്യലിൽ പോലീസിനെ തെറ്റായ വിവരങ്ങൾ നൽകി കബളിപ്പിക്കാനായിരുന്നു രോഹന്റെ ശ്രമം. ഭീംരാജുമായി റോഡിൽ വഴക്കുണ്ടായെന്നും ഇതിന്റെ പ്രതികാരത്തിലാണ് വെടിവെച്ചതെന്നുമായിരുന്നു രോഹൻ പോലീസിനോട് പറഞ്ഞത്. എന്നാൽ രോഹന്റെ ഫോൺ കോളുകൾ പരിശോധിച്ചതോടെയാണ് ബബിതയുമായുള്ള ബന്ധം വെളിപ്പെട്ടതും പോലീസിന് കേസിൽ തുമ്പുണ്ടായതും.

നാല് മാസമായി ബബിതയുമായി പ്രണയത്തിലാണെന്നും ബന്ധത്തെക്കുറിച്ച് അറിഞ്ഞതോടെ ഭീംരാജ് ബബിതയെ മർദിച്ചെന്നും രോഹന്റെ മൊഴിയിലുണ്ട്. തുടർന്ന് ബബിത തന്നെയാണ് ഭർത്താവിനെ കൊലപ്പെടുത്താൻ തന്നോട് ആവശ്യപ്പെട്ടതെന്നും ഇതനുസരിച്ചാണ് നാടൻ തോക്ക് ഉപയോഗിച്ച് വെടിവെച്ചതെന്നും രോഹൻ വെളിപ്പെടുത്തുകയായിരുന്നു.

Exit mobile version