മോഡി സർക്കാർ ഭരണത്തിലേറിയതിന് ശേഷം പാചകവാതകത്തിന് വില ഇരട്ടിയായി; പെട്രോൾ, ഡീസൽ നികുതി വരവ് 459 ശതമാനം ആയെന്നും തുറന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി

dharmendra-

ന്യൂഡൽഹി: മോഡി സർക്കാർ ഭരണത്തിലേറിയ ഏഴ് വർഷം കൊണ്ട് ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലണ്ടറിന്റെ വില ഇരട്ടിയായെന്ന് തുറന്ന് സമ്മതിച്ച് കേന്ദ്രം. പാചകവാതക സിലണ്ടറിന്റെ വില ഇരട്ടിയായെന്നും പെട്രോൾ, ഡീസൽ നികുതി വരവ് 459 ശതമാനം കടന്നതായും പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ലോക്‌സഭയിൽ പറഞ്ഞു. സഭയിൽ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം വിശദമായ കണക്കുകൾ നിരത്തിയത്.

2014 മാർച്ച് ഒന്നിന് 14.2 കിലോ സിലണ്ടറിന് 410 രൂപയായിരുന്നെങ്കിൽ ഈ മാസം അതേ സിലണ്ടർ 819 രൂപയ്ക്കാണ് വിൽക്കുന്നത്. പെട്രോൾ ഡീസൽ വില സർവ്വകാല റെക്കോർഡുകളും മറികടന്നു. ഓരോ സംസ്ഥാനത്തും വില വ്യത്യസ്തമായിരിക്കുമെങ്കിലും രാജ്യത്ത് ശരാശരി പെട്രോൾ ലിറ്ററിന് 91 രൂപയായും ഡീസൽ ലിറ്ററിന് 81.47 രൂപയായും ഉയർന്നെന്ന് മന്ത്രി സഭയിൽ വിശദീകരിച്ചു.

ഈ മാസക്കാലയളവിൽ നിരന്തരം ഉണ്ടായ വിലവർധനവ് കാരണം പാചകവാതക, മണ്ണെണ്ണ സബ്‌സിഡിയുടെ പ്രയോജനം സാധാരണക്കാർക്ക് ലഭിക്കാതെയായി. കഴിഞ്ഞ കുറച്ച് മാസങ്ങൾ കൊണ്ടാണ് പാചകവാതകവിലയിൽ മുൻപില്ലാത്ത വിധം വർധനയുണ്ടായത്. കഴിഞ്ഞ വർഷം ഡിസംബറിൽ 594 രൂപയായിരുന്നു സിലണ്ടറിന്. പൊതുവിതരണ സംവിധാനത്തിൽ 2014 മാർച്ചിൽ ഒരു ലിറ്റർ മണ്ണെണ്ണ വിറ്റുപോയിരുന്നത് 14.96 രൂപയാക്കായിരുന്നെങ്കിൽ ഇപ്പോൾ അത് വിൽക്കുന്നത് 35.35 രൂപയ്ക്കാണ്.

പെട്രോൾ ഡീസൽ ഇനത്തിൽ 2013ൽ പിരിഞ്ഞുകിട്ടിയ നികുതി 52537 കോടിയായിരുന്നെങ്കിൽ 2019ൽ അത് 2.13 ലക്ഷം കോടി രൂപയായി വർധിച്ചുവെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ 15 മാസങ്ങൾ കൊണ്ട് പെട്രോൾ ഡ്യൂട്ടി ലിറ്ററിന് 11.77 എന്ന നിരക്കിലും ഡീസൽ ലിറ്ററിന് 13.47 എന്ന നിരക്കിലും വർധിപ്പിച്ചെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Exit mobile version