പ്രധാനമന്ത്രിക്ക് ആദ്യഡോസ് വാക്‌സിൻ നൽകിയത് നിവേദ; മോഡി മടങ്ങിയത് ‘വണക്കം’ പറഞ്ഞ്; നഴ്‌സുമാരുടെ സംഘത്തിൽ തൊടുപുഴക്കാരി റോസമ്മയും

ന്യൂഡൽഹി: കോവിഡ് വാക്‌സിൻ സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും വാക്‌സിൻ വിതരണത്തിൽ പങ്കാളിയായപ്പോൾ കൂടെയുണ്ടായിരുന്ന നഴ്‌സുമാരുടെ സംഘത്തിൽ മലയാളി സാന്നിധ്യവും. വാക്‌സിൻ നൽകിയ സംഘത്തിൽ ഒപ്പമുണ്ടായിരുന്നത് മലയാളി നഴ്‌സായ തൊടുപുഴ സ്വദേശിനി റോസമ്മ അനിൽ ആണ്. പ്രധാനമന്ത്രിക്ക് വാക്‌സിൻ കുത്തിവെച്ചത് പുതുച്ചേരി സ്വദേശി നിവേദയായിരുന്നു. തിങ്കളാഴ്ച രാവിലയൊണ് പ്രധാനമന്ത്രി നരേന്ദ്രമോഡി ഡൽഹി എയിംസിൽ നിന്ന് കോവിഡ് വാക്‌സിനായ കോവാക്‌സിൻ സ്വീകരിച്ചത്.

വാക്‌സിൻ സ്വീകരിച്ച് അരമണിക്കൂറോളം നിരീക്ഷണത്തിൽ കഴിഞ്ഞ ശേഷമാണ് പ്രധാനമന്ത്രി ആശുപത്രി വിട്ടത്. നിരീക്ഷണത്തിന് ശേഷം വണക്കം പറഞ്ഞതിനു ശേഷമാണ് പ്രധാനമന്ത്രി ആശുപത്രി വിട്ടതെന്ന് സിസ്റ്റർ നിവേദ പ്രതികരിച്ചു.

മുതിർന്ന പൗരന്മാർക്ക് ഉൾപ്പടെ രാജ്യത്ത് കോവിഡ് വാക്‌സിൻ വിതരണം ആരംഭിച്ചതിന് തുടക്കമിട്ടായിരുന്നു മോഡി വാക്‌സിൻ സ്വീകരിച്ചത്. രാജ്യത്ത് ഇതോടെ രണ്ടാംഘട്ട കോവിഡ് വാക്‌സിൻ കുത്തിവെപ്പിനും തുടക്കമായി.

60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും 45 വയസിന് മുകളിലുള്ള രോഗബാധിതർക്കുമാണ് ഇന്നുമുതലുള്ള വാക്‌സിൻ കുത്തിവെയ്പ്പ്. അർഹരായ എല്ലാവരും വാക്‌സിൻ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്ന് മോഡി വാക്‌സിൻ സ്വീകരിച്ചതിന് ശേഷം ട്വിറ്ററിൽ കുറിച്ചു.

‘എയിംസിൽ നിന്ന് കോവിഡ് വാക്‌സിന്റെ ആദ്യഡോസ് സ്വീകരിച്ചു. കോവിഡിനെതിരേയുള്ള ആഗോള പോരാട്ടം ശക്തിപ്പെടുത്തുന്നതിന് നമ്മുടെ ഡോക്ടർമാരും ശാസ്ത്രജ്ഞരും അതിവേഗത്തിൽ പ്രവർത്തിച്ചത് ശ്രദ്ധേയമാണ്. അർഹരായ എല്ലാവരും വാക്‌സിൻ സ്വീകരിക്കണമെന്ന് അഭ്യർഥിക്കുന്നു. നമുക്ക് ഒരുമിച്ച് ഇന്ത്യയെ കോവിഡ് മുക്തമാക്കാം’- മോഡിയുടെ ട്വീറ്റ് ഇങ്ങനെ.

Exit mobile version