തമിഴ്‌നാട്ടില്‍ ഭാഷാ ചീട്ടിറക്കി പയറ്റാന്‍ ബിജെപി: തമിഴ് ഏറ്റവും പഴക്കമേറിയ ഭാഷ, പഠിക്കാത്തതില്‍ ദു:ഖമുണ്ടന്ന് മോഡിയും അമിത് ഷായും

ചെന്നൈ: ലോകത്തെ ഏറ്റവും പഴക്കമേറിയ ഭാഷയായ തമിഴ് പഠിക്കാത്തതില്‍ ഖേദമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അമിത് ഷായും. തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് ഏപ്രിലില്‍ നടക്കാനിരിക്കെയാണ് പ്രധാനമന്ത്രിയും അമിത്ഷായും തമിഴ് ചീട്ടിറക്കിയത്.

ലോകത്തിലെ പ്രാചീന ഭാഷയായ തമിഴ് പഠിക്കാന്‍ കഴിയാതിരുന്നതില്‍ തനിക്ക് ദുഃഖമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഹൈദരാബാദ് സ്വദേശിനിയായ അപര്‍ണാ റെഡ്ഡിയുടെ ഒരു ചോദ്യം ഉദ്ധരിച്ചുകൊണ്ടാണ് മോഡി തമിഴ് ഭാഷയുടെ മാഹാത്മ്യത്തെക്കുറിച്ച് സംസാരിച്ചത്. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കി ബാത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

വിലുപ്പുരത്ത് നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് അമിത് ഷാ തമിഴ് ഭാഷയെക്കുറിച്ച് വാചാലനായത്. പഴക്കമേറിയതും മധുരമേറിയതുമായ തമിഴ് ഭാഷയില്‍ തന്റെ അണികളോട് സംസാരിക്കാന്‍ കഴിയാത്തതില്‍ ദുഃഖമുണ്ടെന്നായിരുന്നു അമിത് ഷാ അഭിപ്രായപ്പെട്ടത്.

ഹൈദരാബാദ് സ്വദേശിനി അപര്‍ണയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു പ്രധാനമന്ത്രി. ‘താങ്കള്‍ അനേകം വര്‍ഷം മുഖ്യമന്ത്രിയായിരുന്നു, ഇപ്പോള്‍ പ്രധാനമന്ത്രിയാണ്. എന്തെങ്കിലും സാധിച്ചില്ലെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ എന്നായിരുന്നു അപര്‍ണയുടെ ചോദ്യം.

ലോകത്തിനു മുഴുവന്‍ പ്രിയമായതും സുന്ദരവുമായ ഭാഷയാണ് തമിഴ്. അനേകം ആളുകള്‍ തന്നോട് തമിഴ് സാഹിത്യത്തിന്റെ ഗുണത്തെ കുറിച്ചും അതില്‍ രചിച്ചിട്ടുള്ള കവിതകളുടെ ഗഹനതയെ കുറിച്ചുമൊക്കെ പറഞ്ഞിട്ടുണ്ട്. ഭാരതം അനേകം ഭാഷകളുടെ ദേശമാണ്. ആ ഭാഷകള്‍ നമ്മുടെ സംസ്‌കാരത്തിന്റെയും അഭിമാനത്തിന്റെയും പ്രതീകങ്ങളാണെന്നും മോഡി പറഞ്ഞു.

മുന്‍പ് പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ മോഡി തമിഴ് വാക്കുകള്‍ ഉപയോഗിക്കുകയും തമിഴ് കവിതാശകലങ്ങള്‍ ഉദ്ധരിക്കുകയും ചെയ്തിരുന്നു. 2018ലും തനിക്ക് തമിഴ് പഠിക്കാനാകാത്തതിലുള്ള ദുഃഖം മോഡി പ്രസംഗത്തിനിടയില്‍ പങ്കുവെച്ചിരുന്നു.

തമിഴ് ജനതയ്ക്ക് തങ്ങളുടെ ഭാഷയോടും സംസ്‌കാരത്തോടുമുളള വികാരവായ്പിനെ മനസ്സിലാക്കിയാണ് ബിജെപി നേതാക്കള്‍ ഒന്നാകെ തമിഴ്ഭാഷയെ പുകഴ്ത്തി രംഗത്തെത്തിയത്. നേരത്തേ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദി ഭാഷ അടിച്ചേല്‍പിക്കാനുളള ബിജെപിയുടെ ശ്രമം വിമര്‍ശിക്കപ്പെട്ടിരുന്നു. ദേശീയ വിദ്യാഭ്യാസനയം 2020ന്റെ ഭാഗമായുളള കേന്ദ്രത്തിന്റെ ത്രിഭാഷ ഫോര്‍മുല കേന്ദ്രം പുറത്തുവിട്ടതോടെയാണ് ഭാഷാപ്രശ്നം ഉയര്‍ന്നുവരുന്നത്.

Exit mobile version