പതിമൂന്ന് ജീവനെടുത്ത അവ്‌നി പെൺകടുവയെ കൊലപ്പെടുത്തിയത് കോടതി ഉത്തരവ് പ്രകാരം; നടപടി ആവശ്യപ്പെട്ട് നൽകിയ ഹർജി പിൻവലിച്ചു

ന്യൂഡൽഹി: മഹാരാഷ്ട്ര വനംവകുപ്പ് ഉദ്യോഗസ്ഥർ പതിമൂന്ന് ജീവനെടുത്ത അവ്‌നി എന്ന പെൺകടുവയെ വെടിവെച്ചു കൊന്ന സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് നൽകിയ ഹർജി പിൻവലിച്ചു. വന്യജീവി സംരക്ഷണ പ്രവർത്തക സംഗീത ഡോഗ്ര സമർപ്പിച്ച ഹർജിയാണ് വെള്ളിയാഴ്ച പിൻവലിച്ചത്. കോടതി ഉത്തരവനുസരിച്ചാണ് നരഭോജിയായ കടുവയെ വെടിവെച്ചു കൊന്നതെന്ന് സുപ്രീംകോടതി ആവർത്തിച്ച് ഊന്നിപ്പറയുകയും ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ വിസമ്മതിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് സംഗീത ഹർജി പിൻവലിച്ചത്.

അവ്‌നി അഥവാ ടി1 എന്നറിയപ്പെട്ടിരുന്ന കടുവ നരഭോജിയല്ലെന്നായിരുന്നു സംഗീത ഡോഗ്രയുടെ വാദം. കടുവ നരഭോജിയാണെന്ന് തെളിയിക്കാൻ വനംവകുപ്പ് നടത്തിയ പരിശോധനയിൽ പോലും സാധിച്ചില്ലെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്താമെന്ന നിർദേശം സുപ്രീം കോടതി മുന്നോട്ടു വെക്കുകയും ചെയ്തു.

ഇതോടൊപ്പം പോസ്റ്റ്‌മോർട്ടത്തിലൂടെ ഒരു മൃഗത്തെ നരഭോജിയാണോ അല്ലയോ എന്ന് എങ്ങനെ തിരിച്ചറിയാനാവുമെന്ന് കഴിഞ്ഞ തവണ കേസിൽ വാദം കേൾക്കുമ്പോൾ ചീഫ് ജസ്റ്റിസ് ബോബ്‌ഡെ ചോദ്യം ഉന്നയിച്ചിരുന്നു. മനുഷ്യനെ തിന്നാൽ കടുവയുടെ വയറ്റിൽ ആറ് മാസക്കാലം നഖവും മുടിയും ദഹിക്കാതെയുണ്ടാവുമെന്നും പരിശോധനയിൽ അവ കണ്ടെത്തിയിരുന്നില്ലെന്നുമായിരുന്നു ഹർജിക്കാരിയുടെ വാദം. വേട്ടയ്ക്ക് ശേഷം സംസ്ഥാനസർക്കാർ കടുവയെ വകവരുത്തിയവരെ ആദരിക്കാൻ ചടങ്ങ് സംഘടിപ്പിച്ചതായും പാരിതോഷികം നൽകിയതായും ഹർജിയിൽ ആരോപിച്ചിരുന്നു.

യവാത്മൽ ജില്ലയിൽ 2018 നവംബറിലാണ് വനംവകുപ്പുദ്യോഗസ്ഥരും വേട്ടക്കാരനായ അസ്ഗർ അലിയും അടങ്ങുന്ന എട്ടംഗസംഘമാണ് അവ്‌നിയെ വെടിവെച്ച് കൊലപ്പെടുത്തിയത്.

Exit mobile version