40 വര്‍ഷവും സാമ്പത്തിക ഇടപാടുകള്‍ കൃത്യമായി നടത്തിയ ആളാണ് വിജയ് മല്യ; ഒരു തവണ വീഴ്ച വരുത്തിയതിന്റെ പേരില്‍ തട്ടിപ്പുകാരനെന്ന് വിളിക്കരുതെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

ഉയര്‍ച്ചതാഴ്ചകള്‍ എല്ലാ വ്യവസായത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു

വിജയ് മല്യയെ പിന്തുണച്ച് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. 40 വര്‍ഷം സാമ്പത്തിക ഇടപാടുകള്‍ കൃത്യമായി നടത്തിയ ആളെ വായ്പ അടവില്‍ ഒരു തവണ വീഴ്ച വരുത്തിയതിന്റെ പേരില്‍ തട്ടിപ്പുകാരനെന്ന് വിളിക്കരുതെന്നാണ് ഗഡ്കരിയുടെ പക്ഷം.

ആഗോള തലത്തിലെ സാമ്പത്തിക മാന്ദ്യമോ ആഭ്യന്തര പ്രശ്‌നങ്ങളോ ആണ് വായ്പ തിരിച്ചടക്കുന്നതിന് തടസ്സമെങ്കില്‍ സഹായിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

9000 കോടി രൂപയുടെ വായ്പ തിരിച്ചടക്കാനുള്ള മല്ല്യയെ ഇന്ത്യയ്ക്ക് വിട്ടു തരാന്‍ ബ്രിട്ടീഷ് കോടതി സമ്മതിച്ചതിനു പിന്നാലെയായിരുന്നു ഗഡ്കരിയുടെ പരാമര്‍ശം.

ടൈംസ് നെറ്റ് വര്‍ക്കിന്റെ ഇക്കണോമിക് കോണ്‍ക്ലേവില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ഗഡ്കരി തന്റെ നിലപാട് വ്യക്തമാക്കിയത്.

ഉയര്‍ച്ചതാഴ്ചകള്‍ എല്ലാ വ്യവസായത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. മല്ല്യയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം നിയമം ലംഘിച്ചിട്ടുണ്ടെങ്കില്‍ നിയമനടപടികള്‍ നേരിടണമെന്നും ഗഡ്കരി പറഞ്ഞു.

വായ്പയെടുത്ത മുഴുവന്‍ പണവും തിരിച്ചടക്കാന്‍ തയ്യാറാണെന്നും തട്ടിപ്പുകാരന്‍ തന്നെ വിളിക്കുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് വിജയ് മല്യ തന്നെ ട്വീറ്റ് ചെയ്തിരുന്നു. പണം തിരിച്ചടക്കാന്‍ തയ്യാറാണെന്ന് ബാങ്കുകളോട് ട്വീറ്റ് ചെയ്ത് അറിയിച്ചതിന് പിന്നാലെയാണ് തട്ടിപ്പുകാരനാണെന്ന വിളി അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് മല്യയും ട്വീറ്റ് ചെയ്തത്.

Exit mobile version