ദിശയ്ക്ക് എതിരെ എന്ത് തെളിവാണുള്ളത്? ഡൽഹി പോലീസിന് കോടതിയുടെ രൂക്ഷ വിമർശനം; ദിശ രവിക്ക് ജാമ്യം

disha ravi1

ന്യൂഡൽഹി: ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത യുവപരിസ്ഥിതി പ്രവർത്തക ദിശ രവിക്ക് ജാമ്യം അനുവദിച്ചു. ഡൽഹിയിലെ കർഷക പ്രക്ഷോഭം ആളിക്കത്തിക്കുന്നതിനിടെ സോഷ്യൽമീഡിയയിലൂടെ ഗ്രെറ്റ തുൻബെർഗ് പോസ്റ്റ് ചെയ്ത ടൂൾ കിറ്റ് ഷെയർ ചെയ്തതിനാണ് ദിശ രവി അറസ്റ്റിലായത്. ഡൽഹി പട്യാല ഹൗസ് കോടതിയാണ് ദിശ രവിക്ക് ജാമ്യം നൽകിയത്.

ബംഗളൂരുവിലെ താമസസ്ഥലത്ത് എത്തി ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയ ദിശയ്ക്ക് അറസ്റ്റിലായി പത്താം ദിവസത്തിലാണ് ജാമ്യം ലഭിക്കുന്നത്. ഫെബ്രുവരി 13 നാണ് ദിശ രവിയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. ടൂൾകിറ്റ് കേസിൽ അന്വേഷണം നടക്കുന്നതിനാൽ ദിശക്ക് ജാമ്യം നൽകരുതെന്ന് ഡൽഹി പോലീസ് കോടതിയിൽ വാദിച്ചിരുന്നു.

എന്നാൽ, ഡൽഹി അക്രമണത്തിൽ ദിശയ്‌ക്കെതിരെ എന്ത് തെളിവുണ്ടെന്ന് ചോദിച്ച കോടതി ഇന്നലെ പ്രോസിക്യൂഷന്റെ പല വാദങ്ങളും അനുമാനങ്ങൾ മാത്രമാണെന്ന് ചൂണ്ടിക്കാണിച്ച് വിമർശിച്ചു.

ഗൂഢാലോചനക്കാരെന്ന് പോലീസ് പറയുന്നവരെയും സംഘർഷമുണ്ടാക്കിയവരെയും എങ്ങനെ ബന്ധിപ്പിക്കുമെന്നും വാദത്തിനിടെ കോടതി ഡൽഹി പോലീസിനെ ചോദ്യം ചെയ്തു. ദിശയുടെ കസ്റ്റഡി കാലാവധിയും ഇന്ന് അവസാനിക്കാനിരിക്കെയാണ് ജാമ്യം ലഭിച്ചത്. ഇതേ വിഷയത്തിൽ ആരോപണം നേരിടുന്ന നിഖിത ജേക്കബിനെയും ശന്തനും മുളുക്കിനെയും അന്വേഷണസംഘം ഇന്നും ചോദ്യം ചെയ്തു.

Exit mobile version