ഭക്ഷണം നൽകി, കിടക്കാനൊരു ചാക്കും; പക്ഷെ ബ്ലാക്കിക്ക് അത് ജീവനായിരുന്നു; ടണലിനകത്ത് കുടുങ്ങിയ യജമാനന്മാരെ തേടി ഈ നായ; ഓടിച്ചുവിട്ടിട്ടും പോകാതെ ദിവസങ്ങളായി കാത്തിരിപ്പിൽ

തപോവൻ: ഉത്തരാഖണ്ഡിലുണ്ടായ മഞ്ഞുമലയിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് രക്ഷാപ്രവർത്തകർക്കിടയിൽ ഇപ്പോഴും ഈ നായ കാത്തിരിപ്പിലാണ്. ചെളി പുതഞ്ഞ ടണലിൽ നിന്നും തന്റെ യജമാനന്മാർ പുറത്തുവരുന്നതും കാത്തിരിക്കുകയാണ് ബ്ലാക്കി എന്ന ഈ നായ. ടണലിനു മുന്നിൽ ദിവസങ്ങളായി ചുറ്റിത്തിരിയുന്ന ബ്ലാക്കിയെ പലകുറി ഓടിച്ച് വിടാൻശ്രമിച്ചിട്ടും പിന്മാറാൻ തയ്യാറാവാതെ തന്റെ യജമാനന്റെ വരവ് പ്രതീക്ഷിച്ചിരിക്കുകയാണ് നായ.

ഉത്തരാഖണ്ഡിലെ തപോവൻ ജലവൈദ്യുത പദ്ധതിയുടെ ടണലിനുള്ളിലേക്ക് പലപ്പോഴും കടന്നുകയറാനും ബ്ലാക്കി ശ്രമിച്ചിരുന്നു. ഈ പദ്ധതി പ്രദേശത്താണ് ബ്ലാക്കി ജനിച്ചത്. അവിടെ ജോലി ചെയ്തിരുന്നവരുടെ സഹചാരിയായിരുന്നു ബ്ലാക്കി. നോക്കിയതും പരിപാലിച്ചതുമെല്ലാം അവിടുത്തെ ജോലിക്കാരാണ്. അതിനാൽ തന്നെ തന്റെ പ്രിയപ്പെട്ടവരെ കാണാതെ തിരികെ പോകില്ലെന്ന വാശിയിലാണ് ബ്ലാക്കി.

ജോലിക്കാർ ബ്ലാക്കിക്ക് ഭക്ഷണം കൊടുക്കാറുണ്ടായിരുന്നുവെന്നും തണുപ്പടിക്കാതെ ഉറങ്ങാൻ ചാക്കിട്ട് കൊടുക്കാറുണ്ടായിരുന്നുവെന്നും ടണലിൽനിന്ന് രക്ഷപ്പെട്ട രജീന്ദർ കുമാർ പറയുന്നു.

അതേസമയം, ഞായറാഴ്ച വൈകുന്നേരം പ്രളയമുണ്ടായപ്പോൾ ബ്ലാക്കി അവിടെയില്ലായിരുന്നുവെന്നാണ് റിപ്പോർട്ട്. പിന്നീട് തിങ്കളാഴ്ച സ്ഥലത്തെത്തിയപ്പോഴാണ് തന്റെ യജമാനന്മാരെ കാണാനില്ലെന്ന് ബ്ലാക്കിക്ക് വ്യക്തമായത്. രക്ഷാപ്രവർത്തകർ അപായം പറ്റേണ്ടെന്ന് കരുതി ബ്ലാക്കിയെ മാറ്റി നിർത്താൻ ശ്രമിക്കുമ്പോഴും ബ്ലാക്കി തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ്. രണ്ടു തവണ ടണലിനകത്ത് കയറിയെങ്കിലും ബ്ലാക്കിയെ തിരിച്ചിറക്കുകയായിരുന്നു.

Exit mobile version