ഒടുവില്‍ അനിശ്ചിതത്വം ഒഴിഞ്ഞു; മധ്യപ്രദേശിനെ കമല്‍നാഥ് തന്നെ നയിക്കും

ഭോപ്പാല്‍: മധ്യപ്രദേശില്‍ മുഖ്യമന്ത്രിയായി കമല്‍ നാഥ് ചുമതലയേല്‍ക്കും. ഔദ്യോഗിക പ്രഖ്യാപനം രാത്രി 10.30 ഓടെയുണ്ടാകും. മണിക്കൂറുകള്‍ നില നിന്ന അനിശ്ചിതത്വത്തിന് ഇതോടെ തിരശീല വീണിരിക്കുകയാണ്.

മധ്യപ്രദേശില്‍ മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ ഭിന്നത നിലനിന്നിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്ന കേട്ട രണ്ട് പേരുകള്‍ കമല്‍ നാഥിന്റെയും ജോതിരാധിത്യ സിന്ധ്യയുടെയുമായിരുന്നു. ജോതിരാത്യ സിന്ധ്യക്കായി ഭോപ്പാലില്‍ അനുകൂലികള്‍ പ്രകടനം നടത്തിയപ്പോള്‍ മധ്യപ്രദേശ് മുന്‍ പിസിസി അദ്ധ്യക്ഷന്‍ അരുണ്‍ യാദവ് കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് ആവശ്യപ്പെട്ടത്.

ഏറേ നേരത്തെ സമവായ ചര്‍ച്ചക്ക് ശേഷമാണ് മുഖ്യമന്ത്രി ആരെന്ന തീരുമാനം എടുക്കാന്‍ കഴിഞ്ഞത്. കമല്‍ നാഥിനെ മുഖ്യമന്ത്രിയാക്കിയപ്പോള്‍ ജോതിരാത്യ സിന്ധ്യയെ ദേശീയ രാഷ്ട്രീയത്തിലെക്ക് കൊണ്ട് വരാനാണ് രാഹുല്‍ ഗാന്ധിയുടെ തീരുമാനം. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി മത്സരമില്ലെന്നായിരുന്നു ജോതിരാദിത്യ സിന്ധ്യ പറഞ്ഞത്.

മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഭിന്നത നിലനില്‍ക്കുന്ന ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കുമെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഛത്തീസ്ഗഡില്‍ പിസിസി അധ്യക്ഷന്‍ ഭൂപേഷ് ബാഗെലിന്റെ വസതിക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു.

Exit mobile version