പുൽവാമ രക്തസാക്ഷിത്വ ദിനമാണ്, വാലന്റൈൻസ് ഡേ അല്ല; പ്രണയദിനം ആഘോഷിക്കുന്നത് നിരോധിക്കണമെന്ന് ബജ്‌റംഗ്ദൾ; കാർഡുകൾ കത്തിച്ച് പ്രതിഷേധം

ഹൈദരാബാദ്: എല്ലാ വർഷത്തേയും പോലെ ഇത്തവണയും വാലന്റൈൻസ് ഡേയ്ക്ക് എതിരെ വാളെടുത്ത് സംഘപരിവാർ സംഘടനകൾ. ഫെബ്രുവരി 14 വാലന്റൈൻസ് ഡേ ആയി ആഘോഷിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തെലങ്കാനയിൽ ബജ്‌റംഗ്ദൾ ഉൾപ്പടെയുള്ള സംഘടനകൾ പ്രതിഷേധ റാലി നടത്തി.

വാലന്റൈൻസ് ഡേ പാശ്ചാത്യ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും കുടുംബ വ്യവസ്ഥയ്ക്ക് എതിരാണെന്നുമാണ് തീവ്ര ഹിന്ദു സംഘടനകൾ ആരോപിക്കുന്നത്.

ബംജ്‌റംഗ്ദൾ പ്രവർത്തകരാണ് പലയിടങ്ങളിലും പ്രകടനത്തിന് മുൻകൈയ്യെടുത്തത്. ഹൈദരാബാദിൽ സംഘടിച്ചെത്തിയ ഒരു സംഘം ബജ്‌റംഗ് പ്രവർത്തകർ വാലന്റൈൻ ആശംസാ കാർഡുകൾ കത്തിച്ചാണ് പ്രതിഷേധിച്ചത്.

ഇന്ത്യൻ സംസ്‌കാരം മൂല്യങ്ങളിൽ ഉറച്ചതാണെന്നും കുടുംബം അതിന്റെ ഭാഗമാണെന്നും ഇത്തരം ആഘോഷങ്ങൾ അവയെ തകർക്കാനുള്ളതാണെന്നും സംഘടന പറയുന്നു.

വാലന്റൈൻ ആഘോഷങ്ങൾ നിർത്തി അമർ വീർ ജവാൻ ദിനമായി ആചരിക്കണമെന്ന ആവശ്യവും ബജ്‌റംഗ്ദൾ ഉന്നയിച്ചിട്ടുണ്ട്. പുൽവാമയിൽ കൊല്ലപ്പെട്ടവർക്കുള്ള ആദരവായി ഇതിനെ മാറ്റണമെന്നും തെലങ്കാന സർക്കാരിനോട് ഇവർ ആവശ്യപ്പെട്ടു.

Exit mobile version