ഹോട്ടലിൽ പാത്രങ്ങൾ കഴുകി, കോൾ സെന്ററിൽ ജോലി ചെയ്തു, പട്ടിണികിടന്നിട്ടും പഠനം മുടക്കിയില്ല; ഒടുവിൽ ഓട്ടോക്കാരന്റെ മകൾ മന്യ മിസ് ഇന്ത്യ വേദിയിലേക്ക്; റണ്ണറപ്പ് കിരീടത്തോടെ മടക്കം

manya singh

മുംബൈ: സ്വപ്‌നങ്ങൾ കാണുന്നവർക്കാണ് ശോഭനമായ ഒരു നാളെയുണ്ടാകൂ എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ഉത്തർപ്രദേശ് സ്വദേശിനിയായ മന്യ സിങ്ങ്. കഷ്ടപ്പാടും ദാരിദ്രവും നിറഞ്ഞ ഇന്നലെകളിൽ നിന്നും മന്യ സിങ് എന്ന യുപി സ്വദേശിനി ഇന്ന് മിസ് ഇന്ത്യ റണ്ണറപ്പ് കിരീടം ചൂടിയാണ് മാതൃകയായ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

ഉത്തർപ്രദേശിലെ ഖുശിനഗറിൽ ഓട്ടോറിക്ഷാ ഡ്രൈവറായ ഓംപ്രകാശിന്റെ മകളായ മന്യ, മിസ് ഇന്ത്യ വേദി വരെ എത്തിയത് ഏറെ ബുദ്ധിമുട്ടുകൾ സഹിച്ചാണ്. കൈയ്യിലുണ്ടായിരുന്നത് ഏതുസാഹചര്യത്തിലും പഠനത്തെ കൈവിടില്ലെന്ന ഉറച്ചതീരുമാനം മാത്രം. പഠനത്തിന്റെ ആത്മധൈര്യത്തിലാണ് ഈ പെൺകുട്ടി ഇത്രയേറെ ജീവിതപരീക്ഷണത്തിന്റെ പടവുകൾ ചവിട്ടിക്കയറി ഒടുവിൽ വിജയത്തിൽ എത്തി ചേർന്നിരിക്കുന്നത്.

മിസ് റണ്ണറപ് ആയ മന്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്ത കുടുംബചിത്രത്തിനൊപ്പമുള്ള കുറിപ്പിലൂടെയാണ് സ്വന്തം ജീവിതകഥ ലോകത്തെ അറിയിച്ചത്.

‘ഭക്ഷണവും ഉറക്കവുമില്ലാതെ എത്രയോ രാത്രികൾ കഴിച്ചുകൂട്ടി. വണ്ടിക്കൂലി ലാഭിക്കാൻ എത്രയോ കിലോമീറ്ററുകൾ നടന്നു. പാവപ്പെട്ട ഒരു ഓട്ടോ ഡ്രൈവറുടെ മകളെന്ന നിലയിൽ എനിക്കു സ്‌കൂളിൽ പോകാൻ കഴിഞ്ഞില്ല. പതിനാലാം വയസ്സിൽ വീടുവിട്ടു പോകേണ്ടി വന്നു. ജോലിക്കു പോയിത്തുടങ്ങി. വൈകിട്ട് ഹോട്ടലിൽ പാത്രങ്ങൾ കഴുകിയും രാത്രി കോൾ സെന്ററിൽ ജോലി ചെയ്തുമാണ് പഠിക്കാനുള്ള പണം ഞാനുണ്ടാക്കിയത്.അമ്മയുടെ അവസാന തരി പൊന്നും പണയം വച്ചാണ് ഡിഗ്രി പരീക്ഷയ്ക്കു ഫീസടച്ചത്. പക്ഷേ, എന്റെ ചോരയും കണ്ണീരും എന്റെ ആത്മാവിനു ഭക്ഷണമായി, വലിയ സ്വപ്നങ്ങൾ കാണാൻ ഞാൻ ധൈര്യം കാട്ടി. ഈ മിസ് ഇന്ത്യ മത്സരവേദി എന്റെ അച്ഛനെയും അമ്മയെയും സഹോദരനെയും മെച്ചപ്പെട്ട ജീവിതത്തിലേക്കു കൈപിടിച്ചുയർത്താനുള്ള അവസരമായാണ് ഞാൻ കാണുന്നത്. സ്വപ്നം കാണാനും അതിനായി ആത്മാർഥമായി പരിശ്രമിക്കാനും കഴിഞ്ഞാൽ നമ്മെ ആർക്കും തടഞ്ഞുനിർത്താനാകില്ല.”- മന്യ സോഷ്യൽമീഡിയയിൽ കുറിച്ചു.

മത്സരത്തിൽ തെലങ്കാനയുടെ മാനസ വാരാണസിയാണ് മിസ് ഇന്ത്യ കിരീടം ചൂടിയത്. ഹരിയാനയുടെ മനിക ഷീക്കന്ദ് മിസ് ഗ്രാൻഡ് ഇന്ത്യ ആയി തെരഞ്ഞെടുക്കപ്പെട്ടു.

Exit mobile version