ഓൺലൈൻ തട്ടിപ്പിന് ഇരയായി മുഖ്യമന്ത്രി കെജരിവാളിന്റെ മകൾ; പതിനായിരങ്ങൾ നഷ്ടമായെന്ന് പരാതി

ന്യൂഡൽഹി: രാജ്യത്ത് വർധിച്ചുവരുന്ന ഓൺലൈൻ പണം തട്ടിപ്പിന് ഇരയായി ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ മകളും. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ മകൾ ഹർഷിത കെജരിവാളാണ് തട്ടിപ്പിന് ഇരയായത്. 34,000 രൂപ ഹർഷിതയ്ക്ക് ഇത്തരത്തിൽ നഷ്ടമായെന്ന് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഓൺലൈൻ സൈറ്റിലൂടെ സെക്കൻഡ് ഹാൻഡ് സോഫ വിൽക്കാൻ ശ്രമിക്കുമ്പോഴായിരുന്നു ഹർഷിത തട്ടിപ്പിന് ഇരയായത്.

ഹർഷിത പോസ്റ്റ് ചെയ്ത സോഫയുടെ പരസ്യം കണ്ട് ഒരാൾ വാങ്ങാൻ താൽപര്യം അറിയിച്ച് സമീപിക്കുകയും വില പറഞ്ഞ് ഉറപ്പിച്ച ശേഷം ഹർഷിതയുടെ അക്കൗണ്ടിലേക്ക് ഇയാൾ കുറച്ച് പണം അയച്ചുനൽകുകയുമായിരുന്നു. ബാക്കിയുള്ള പണത്തിനായി ഒരു ക്യൂആർ കോഡ് സ്‌കാൻ ചെയ്യാൻ ഇയാൾ ഹർഷിതയോട് ആവശ്യപ്പെട്ടു. ഇത് ചെയ്തതോടെ അക്കൗണ്ടിൽ നിന്നും 20,000 രൂപ നഷ്ടമാവുകയായിരുന്നു.

ഇതു ചോദ്യം ചെയ്തപ്പോൾ ആദ്യം അയച്ച ക്യൂആർ കോഡ് തെറ്റായിരുന്നെന്നും പുതിയത് അയച്ചിട്ടുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് മറ്റൊരു ക്യുആർകോഡ് അയാൾ അയച്ചുനൽകുകയായിരുന്നു. ഇത് വീണ്ടും സ്‌കാൻ ചെയ്തപ്പോൾ അക്കൗണ്ടിൽ നിന്നും 14,000 രൂപ കൂടി നഷ്ടമായി. ഇതോടെയാണ് തട്ടിപ്പാണെന്ന് ഹർഷിതയ്ക്ക് മനസിലായത്.

തട്ടിപ്പിന് ഇരയായതോടെ ഇവർ സിവിൽലൈൻ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. തട്ടിപ്പുസംഘത്തിന്റെ പിടിയിൽ നിന്നും മുഖ്യമന്ത്രിയുടെ മകൾക്ക് പോലും രക്ഷയില്ലാത്തതിനാൽ സോഷ്യൽമീഡിയയും ജാഗ്രതാ നിർദേശം നൽകുകയാണ്.

Exit mobile version