കര്‍ഷക പ്രക്ഷോഭത്തില്‍ വിറങ്ങലിച്ച് ബിജെപി: തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനിക്കേ പഞ്ചാബിലും ഹരിയാണയിലും നേതാക്കളുടെ കൊഴിഞ്ഞുപോക്ക്

അമൃത്സര്‍: രാജ്യതലസ്ഥാന അതിര്‍ത്തികളില്‍ രണ്ടു മാസത്തിലേറെയായി നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തില്‍ വിറങ്ങലിച്ച് ബിജെപി. പഞ്ചാബിലും ഹരിയാണയിലും ബിജെപിയില്‍ നിന്ന് വന്‍ കൊഴിഞ്ഞുപോക്ക്.

തദ്ദേശഭരണ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനിക്കേ പഞ്ചാബ് ബിജെപിയില്‍ നിന്ന് നിരവധിപേര്‍ പാര്‍ട്ടി വിട്ടു. പാര്‍ട്ടി കോര്‍ കമ്മിറ്റിയിലെ ഏക സിഖ് മുഖമായ മല്‍വീന്ദര്‍ സിങ് ഖാങ് ഉള്‍പ്പെടെ നിരവധി ബിജെപി നേതാക്കളാണ് ജനുവരിയില്‍ മാത്രം ബിജെപി വിട്ടത്.

ഇനി ഏഴു ദിവസം മാത്രമാണ് സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പിന് ബാക്കിയുള്ളത്.
എല്ലായിടത്തു പോയാലും കര്‍ഷകര്‍ തങ്ങളെ പിന്തുടരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ബിജെപി ജലന്ധര്‍ മുന്‍ ജില്ലാ അധ്യക്ഷന്‍ രമേശ് ശര്‍മ്മ പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ മാസം മാത്രം 20 പ്രമുഖ നേതാക്കള്‍ ബിജെപി വിട്ടു. കര്‍ഷക പ്രതിഷേധം ഭയന്ന് പലയിടത്തും തെരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ പോലും ബിജെപിക്കായിട്ടില്ല. എട്ട് മുനിസിപ്പല്‍ കോര്‍പറേഷനിലേക്കും 109 മുനിസിപ്പല്‍ കൗണ്‍സില്‍/നഗര്‍ പഞ്ചായത്തുകളിലേക്കുമാണ് വരുന്ന 14ന് വോട്ടെടുപ്പ് നടക്കുന്നത്. മൊത്തം 2302 സീറ്റുകളാണ് ഉള്ളത്.

മൂന്നില്‍ രണ്ട് സീറ്റുകളിലും ബിജെപിക്ക് സ്ഥാനാര്‍ഥികളെ കണ്ടെത്താനായിട്ടില്ല. സ്ഥാനാര്‍ഥികള്‍ ഉള്ളയിടങ്ങളില്‍ പ്രചരണത്തിനിറങ്ങാനും സാധിക്കുന്നില്ല. ബിജെപി നേതാക്കളുടെ വീടുകള്‍ക്ക് മുന്നില്‍ നിരന്തരം കര്‍ഷക സംഘടനകള്‍ ധര്‍ണകള്‍ നടത്തുന്നു. രാവും പകലും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ.

കര്‍ഷക സമരത്തിന് ശേഷമുള്ള ആദ്യ ജനവിധി കൂടിയാണിത്. 2015ല്‍ കൂടെയുണ്ടായിരുന്ന അകാലിദള്‍ ഇത്തവണ ഒപ്പമില്ലാത്തതും ബിജെപിക്ക് വെല്ലുവിളിയാണ്. കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ചാണ് എന്‍ഡിഎയിലെ ഏറ്റവും പഴയ സഖ്യകക്ഷിയായ അകാലിദള്‍ ബിജെപി ബന്ധം ഉപേക്ഷിച്ചത്.

ഹരിയാനയിലും ബിജെപി നേതാക്കള്‍ക്കെതിരെ രോഷം ശക്തമാണ്. കാര്‍ഷിക നിയമങ്ങള്‍ക്ക് അനുകൂലമായ റാലി സംഘടിപ്പിക്കാനുള്ള ശ്രമങ്ങള്‍ സംസ്ഥാനത്ത് ഇതുവരെ വിജയം കണ്ടിട്ടില്ല.

ജനുവരി പത്തിന് കര്‍ണാലില്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ കോപ്ടര്‍ ഇറങ്ങാന്‍ പോലും കര്‍ഷകര്‍ സമ്മതിച്ചിരുന്നില്ല. 1500 പൊലീസുകാരെ വിന്യസിച്ചിട്ടും ബിജെപി വേദി കര്‍ഷകര്‍ കൈയ്യടക്കുകയായിരുന്നു.

ബിജെപി മാത്രമല്ല, സഖ്യകക്ഷിയായ ജെജെപിയും സമാന പ്രതിസന്ധി നേരിടുന്നുണ്ട്. ബിജെപിയുടെയോ ജെജെപിയുടെയോ പൊതുപരിപാടികള്‍ അനുവദിക്കില്ലെന്ന് കര്‍ഷകര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Exit mobile version