ഒരു ട്വീറ്റ് നിങ്ങളുടെ ഐക്യത്തെ തകർക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ മൂല്യത്തെയാണ് ശക്തിപ്പെടുത്തേണ്ടത്; മറ്റുള്ളവരുടെ ടീച്ചർ ആവുകയല്ല വേണ്ടത്; റിഹാനയെ തിരുത്താനിറങ്ങിയ സച്ചിനോട് തപ്‌സി പന്നു

tapsee-pannu

ന്യൂഡൽഹി: രാജ്യത്തെ കർഷകരുടെ പ്രക്ഷോഭത്തെ പിന്തുണച്ച് അന്താരാഷ്ട്രതലത്തിൽ നിന്നും സ്വരങ്ങൾ ഉയർന്നതോടെ കേന്ദ്രത്തെ പ്രതിരോധിച്ച് രംഗത്തെത്തിയ സച്ചിൻ ഉൾപ്പടെയുള്ള സെലിബ്രിറ്റികളെ വിമർശിച്ച് ബോളിവുഡ് താരം തപ്‌സി പന്നു. ഒരു ട്വീറ്റുകൊണ്ട് നിങ്ങളുടെ ഐക്യം തകർന്നുപോകുന്നു എന്ന് തോന്നുന്നുണ്ടെങ്കിൽ സ്വന്തം മൂല്യബോധമാണ് പരിശോധിക്കേണ്ടത് എന്ന് തപ്‌സി ട്വീറ്റ് ചെയ്തു.

വിദേശീയരായ സെലിബ്രിറ്റികൾ ഇന്ത്യയുടെ ആഭ്യന്തര കാര്യത്തിൽ ഇടപെടേണ്ട എന്ന് പറഞ്ഞ് രാജ്യത്തിന്റെ ഏകത്വം എന്ന ആശയം ഉയർത്തുന്നവരോടാണ് തപ്‌സിയുടെ ട്വീറ്റ്. സർക്കാരിനെ പ്രതിരോധിക്കാനുള്ള ക്യാംപെയ്‌ന്റെ ഭാഗമാകുന്ന സെലിബ്രിറ്റികളെ ‘ആശയപ്രചരണഗുരുക്കൾ’ എന്ന് പരിഹസിച്ചുകൊണ്ടായിരുന്നു തപ്‌സിയുടെ പ്രതികരണം.

തപ്‌സിയുടെ ട്വീറ്റ് ഇങ്ങനെ: ഒരു ട്വീറ്റ് നിങ്ങളുടെ ഐക്യത്തെ പിടിച്ചുകുലുക്കുന്നുണ്ടെങ്കിൽ, ഒരു തമാശ നിങ്ങളുടെ വിശ്വാസത്തെ വൃണപ്പെടുത്തുന്നുണ്ടെങ്കിൽ, ഒരു ഷോ നിങ്ങളുടെ മതവിശ്വാസത്തെ പരിഭ്രമിപ്പിക്കുന്നുവെങ്കിൽ, നിങ്ങളാണ് നിങ്ങളുടെ മൂല്യബോധത്തെ ശക്തിപ്പെടുത്താൻ ആലോചിക്കേണ്ടത്. അല്ലാതെ മറ്റുള്ളവർക്ക് ആശയപ്രചരണഗുരുക്കൾ ആകുകയല്ല വേണ്ടത്.

സച്ചിനെക്കൂടാതെ സിനിമാ താരങ്ങളായ അജയ് ദേവഗൺ, അക്ഷയ് കുമാർ, കങ്കണ റണൗത്ത് തുടങ്ങിയവരും ഇന്ത്യ ടുഗെദർ എന്ന ഹാഷ്ടാഗ് ക്യംപെയ്‌ന്റെ ഭാഗമായിരുന്നു.

രാജ്യത്തിനു പുറത്തുള്ളവർ ഇന്ത്യയുടെ ആഭ്യന്തര വിഷയത്തിൽ അഭിപ്രായം പറയേണ്ടെന്നായിരുന്നു സച്ചിൻ തെണ്ടുൽക്കറുടെ ട്വീറ്റ്. ‘രാജ്യത്തിന്റെ പരമാധികാരത്തിൽ വിട്ടുവീഴ്ചയരുത്. പുറത്തു നിന്നുള്ളവർ കാഴ്ചക്കാരായി നിന്നാൽ മതി. പങ്കെടുക്കേണ്ട. ഇന്ത്യയുടെ പ്രശ്‌നത്തിൽ ഇടപെടേണ്ടതില്ല. ഇന്ത്യാക്കാർക്ക് ഇന്ത്യയെ അറിയാം. ഇന്ത്യയ്ക്കു വേണ്ടി തീരുമാനങ്ങളെടുക്കാനും അറിയാം. ഒരു രാജ്യം എന്ന നിലയിൽ ഐക്യത്തോടെ നിൽക്കാം’.- സച്ചിന്റെ ട്വീറ്റിങ്ങനെ.

അതേസമയം, രാജ്യത്തിനു പുറത്തു നിന്നുള്ള സെലിബ്രിറ്റികളുടെ പിന്തുണ കൂടിയായപ്പോൾ സമരം ലോകശ്രദ്ധയാകർഷിക്കുകയാണ്.

Exit mobile version