കർഷകർ ചെങ്കോട്ടയിൽ ഉയർത്തിയത് ഖലിസ്ഥാൻ പതാകയല്ല; സിഖുകാരുടെ ‘നിഷാൻ സാഹിബ്’; മോഡി അന്ന് തലയിൽകെട്ടിയതും ഇതുതന്നെ; സംഘപരിവാറിനെ പൊളിച്ചടുക്കി സോഷ്യൽമീഡിയ

flag| India News

കൊച്ചി: പുതിയ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്ക് എതിരെ സമരം ചെയ്യുന്ന കർഷകർ ഇന്നത്തെ റാലിയിൽ ചെങ്കോട്ടയിൽ ഉയർത്തിയത് വിഘടനവാദികളുടെ ഖലിസ്ഥാൻ പതാകയാണെന്ന സംഘപരിവാർ വാദങ്ങളെ പൊളിച്ചടുക്കി സോഷ്യൽമീഡിയ. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പഞ്ചാബ് സന്ദർശിച്ച സമയത്ത് സിഖുകാരോട് ഇടപഴകിയിരുന്നത് ഇതേ പതാക തലയിൽ കെട്ടിക്കൊണ്ടാണെന്ന് വിശദീകരിച്ചാണ് സംഘപരിവാർ പ്രൊഫൈലിൽ നിന്നുള്ള വ്യാജപ്രചാരണം സോഷ്യൽമീഡിയ പൊളിച്ചത്.

സിഖ് മതത്തെ പ്രതിനിധീകരിക്കുന്ന പതാകയായ നിഷാൻ സാഹിബും കർഷക സംഘടനകളുടെ പതാകയുമാണ് കർഷകർ ഇന്ന് ചെങ്കോട്ടയിൽ ഉയർത്തിയത്. ഗുരുനാനാക്കിന്റെ 550ാമത് ജന്മവാർഷികാഘോഷ ചടങ്ങിൽ പങ്കെടുക്കുമ്പോൾ മോഡി തലയിൽ കെട്ടിയത് നിഷാൻ സാഹിബ് ആണെന്നും, പ്രധാനമന്ത്രി തലയിൽ കെട്ടിയതും ചെങ്കോട്ടയിൽ പാറിയതും ഒന്നു തന്നെയാണെന്ന് സോഷ്യൽമീഡിയ തെളിയിച്ചിരിക്കുകയാണ്.

റിപ്പബ്ലിക് ദിനമായ ഇന്ന് മുൻകൂട്ടി തീരുമാനിച്ച പ്രകാരം, ആയിരക്കണക്കിന് കർഷകരാണ് ഇന്ന് ചെങ്കോട്ടയിലെത്തിയത്. റാലിക്ക് മുന്നോടിയായി പോലീസ് പലയിടങ്ങളിലായി വച്ച ബാരിക്കേഡുകളും ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും ഇവർക്ക് മറികടക്കേണ്ടി വന്നിരുന്നു.

ചെങ്കോട്ടയിലേക്ക് കർഷകർ എത്തിയതിന് പിന്നാലെ, ചെങ്കോട്ടയുടെ താഴ്ഭാഗത്തുള്ള കൊടിമരത്തിൽ പ്രതിഷേധക്കാർ പതാക ഉയർത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇന്ത്യൻ പതാകയും കർഷക സംഘടനകളുടെ പതാകയും പിടിച്ചുനിൽക്കുന്ന സമരക്കാർക്കിടയിൽ നിന്നും ചെറുപ്പക്കാരനായ ഒരാൾ കൊടിമരത്തിൽ പിടിച്ച് കയറുന്നതും മഞ്ഞ നിറത്തിലുള്ള ഒരു പതാക കൊടിമരത്തിൽ കെട്ടിവെയ്ക്കുന്നതും വീഡിയോയിൽ കാണാം. ഇതിന് പിന്നാലെയാണ് ചെങ്കോട്ടയിൽ കർഷകർ ഉയർത്തിയത് വിഘടനവാദികളുടെ ഖലിസ്ഥാൻ പതാകയാണെന്ന പ്രചരണങ്ങളുണ്ടായത്.

തൊട്ടുപിന്നാലെ, കർഷകരെ നയിക്കുന്നത് ദേശവിരുദ്ധ ശക്തികളാണ് എന്നാരോപിച്ച് സമൂഹമാധ്യമങ്ങളിൽ പലരും വീഡിയോ വ്യാപകമായി ഷെയർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നിഷാൻ സാഹിബ് പതാകയാണ് കർഷകർ ചെങ്കോട്ടയിൽ ഉയർത്തിയതെന്ന് വ്യക്തമായത്.

കാവി നിറത്തിൽ ത്രികോണാകൃതിയിലുള്ള നിഷാൻ സാഹിബിന് ഖലിസ്ഥാൻ വാദവുമായി ബന്ധമില്ല. ത്രികോണത്തുമ്പിലായി ഒരു തൊങ്ങലുമുണ്ടാകും. സിഖ് മതത്തെ പ്രതിനിധീകരിക്കുന്ന പതാക മാത്രമാണ് നിഷാൻ സാഹിബ്. വിഘടനവാദികളായ ഖലിസ്ഥാനികളുടെ മഞ്ഞ നിറത്തിലും ത്രികോണാകൃതിയിലുമുള്ള നിഷാൻ സാഹിബിനോട് സാമ്യമുണ്ട് ഖലിസ്ഥാൻ പതാകയ്ക്ക്.

Exit mobile version