ബാരിക്കേഡും ലാത്തിയും കൂസാതെ അവര്‍ മുന്നോട്ട്; കുഞ്ഞുങ്ങളുമായി ട്രാക്ടര്‍ ഓടിച്ച് അമ്മമാരും

ന്യൂഡല്‍ഹി: തലസ്ഥാനത്ത് വിവാദമായ കാര്‍ഷിക നിയമത്തിനെതിരെ പോലീസിന്റെ ബാരിക്കേഡും ലാത്തിയെയും കൂസാതെ കര്‍ഷകരുടെ ട്രാക്ടര്‍ റാലി തുടരുന്നു.
റിപ്പബ്ലിക് ഡേ പരേഡിന് പിന്നാലെ കര്‍ഷകരുടെ ട്രാക്ടര്‍ പരേഡ് തുടങ്ങി. ഒരു ലക്ഷത്തിലധികം ട്രാക്ടറുകളാണ് പരേഡില്‍ പങ്കെടുക്കുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലി.

പതിനായിരത്തിലേറെ കര്‍ഷകരാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്തത്. കുഞ്ഞുങ്ങളെ കയ്യിലേന്തി സ്ത്രീകള്‍ പോലും തലസ്ഥാന വീഥികളിലൂടെ ടാക്ടര്‍ ഓടിച്ചു. മാസങ്ങള്‍ക്ക് മുമ്പേ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ടാക്ടര്‍ ഓടിക്കാനായി സ്ത്രീകള്‍ക്ക് പരിശീലനം നല്‍കിയിരുന്നു.

ഡല്‍ഹിയിലും ഹരിയാനയിലുമായി ആറ് മേഖലകളിലാണ് ട്രാക്ടറുകള്‍ ഒരേസമയം റാലി നടത്തുന്നത്. സിഘു, ടിക്രി, ഗാസിപൂര്‍ അതിര്‍ത്തികളിലാണ് റാലിക്ക് അനുമതി. ഡല്‍ഹി പൊലീസ് മൂന്ന് റൂട്ടുകളും പരിശോധിക്കുകയും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, തമിഴ്നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് പരേഡില്‍ അണിചേരുന്നത്.

ത്രികിയില്‍ 15 കിലോമീറ്ററുകളോളം ദൂരത്തില്‍ ടാക്ടറുകള്‍ അതിര്‍ത്തി കടക്കാനായി കാത്തുനില്‍ക്കുന്നുണ്ട്. കര്‍ഷക സംഘടനകള്‍ നിയോഗിച്ച വളന്റിയര്‍മാരാണ് റാലിയെ നിയന്ത്രിക്കുന്നത്. റോഡുകളുടെ ഇരുവശവും കര്‍ഷകര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കാനായി ജനങ്ങള്‍ തടിച്ചുകൂടിയിട്ടുണ്ട്. ബൈക്കുകളിലും കാറുകളിലും കാല്‍നട ജാഥയായും ആയിരക്കണക്കിന് കര്‍ഷകര്‍ ട്രാക്ടര്‍ റാലിയെ അനുഗമിക്കുന്നുണ്ട്.

ആറുമണിക്കുള്ളില്‍ ഡല്‍ഹി വിടണമെന്നാണ് പോലീസ് നല്‍കിയ നിര്‍ദ്ദേശം. എന്നാല്‍ ആറുമണി ആയാല്‍ പോലും തയ്യാറായി നില്‍ക്കുന്ന ട്രാക്ടറുകള്‍ ഡല്‍ഹിയില്‍ എത്തിച്ചേരില്ല. ബാരിക്കേഡുകള്‍ നീക്കി മുന്നോട്ടുനീങ്ങിയ കര്‍ഷകര്‍ക്ക് നേരെ ചിലയിടങ്ങളില്‍ കണ്ണീര്‍വാതകം പ്രയോഗിച്ചു. അനുമതി നല്‍കിയതിലും പതിന്മടങ്ങ് ട്രാക്ടറുകളാണ് ഡല്‍ഹിയിലേക്ക് എത്തുന്നത്.

പലയിടത്തും പോലീസും കര്‍ഷകരും തമ്മില്‍ പലയിടങ്ങളിലും ഏറ്റുമുട്ടി. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സിംഘു അതിര്‍ത്തിയില്‍ പൊലീസ് ലാത്തിവീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. സഞ്ജയ് ഗാന്ധി ട്രാന്‍സ്പോര്‍ട്ട് നഗറിലാണ് കര്‍ഷകര്‍ക്കെതിരെ പൊലീസിന്റെ നടപടി. എന്നാല്‍, പൊലീസ് നടപടികളെ കൂസാതെ കര്‍ഷകര്‍ ട്രാക്ടര്‍ റാലിയുമായി മുന്നോട്ടുനീങ്ങി.

Exit mobile version