രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു; ഇന്നലെ 15158 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 16977 പേര്‍ക്ക് രോഗമുക്തി,175 മരണം

covid, india | bignewslive

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,158 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ദിനംപ്രതി കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഒരു ലക്ഷം വരെ എത്തിയതില്‍ നിന്നാണ് പതിനഞ്ചായിരതിതലേക്ക് എത്തിയത്. ഇന്നലെ 16,977 പേരാണ് രോഗമുക്തി നേടിയത്. കൊവിഡ് ബാധിച്ച് 175 മരണങ്ങളും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇന്നലെ 15158 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,05,42,841 ആയി. ഇതില്‍ നിലവില്‍ കൊവിഡ് ബാധിച്ച് രാജ്യത്ത് 2,11,033 പേരാണ് ചികിത്സയിലുള്ളത്. ആകെ 1,01,79715 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 1,52,093 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

അതേസമയം രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ നടപടിക്ക് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്രമോഡി വാക്‌സിനേഷന്‍ ഉദ്ഘാടനം ചെയ്തു. ഇന്ന് 3006 ബൂത്തുകളിലായി മൂന്ന് ലക്ഷത്തോളം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ നല്‍കുക.

ഒരു ബൂത്തില്‍ നൂറ് പേര്‍ക്ക് വീതം എന്ന കണക്കിലാണ് വിതരണം.കൊവാക്‌സിനും കൊവിഷീല്‍ഡുമാണ് രാജ്യത്ത് നല്‍കുന്നത്. ഒരു ബൂത്തില്‍ ഒരു വാക്‌സിന്‍ മാത്രമേ നല്‍കാവൂ. ഇത് തന്നെയാവണം രണ്ടാം തവണയും നല്‍കേണ്ടത്. 28 ദിവസത്തെ ഇടവേളയിലാണ് 2 ഡോസുകള്‍ സ്വീകരിക്കേണ്ടത്.

വാക്‌സിന്‍ സ്വീകരിച്ച ശേഷം നേരിയ പനിയോ, ശരീരവേദനയോ ഉണ്ടെങ്കില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ 133 കേന്ദ്രങ്ങളാണ് വാക്‌സിനേഷനായി സജ്ജമാക്കിയിരിക്കുന്നത്.

Exit mobile version