ട്രംപിനെ ബാൻ ചെയ്തതോടെ ട്വിറ്ററിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള നേതാവായി നരേന്ദ്ര മോഡി; 64 ദശലക്ഷം കടന്ന് ഫോളോവേഴ്‌സ്

Modi

ന്യൂഡൽഹി: ലോക രാഷ്ട്രീയ നേതാക്കളിൽ തന്നെ ട്വിറ്ററിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ക്യാപിറ്റൽ ഹിൽ അക്രമ സംഭവവുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് സ്ഥിരമായി അടച്ചു പൂട്ടിയതോടെയാണ് മോഡി ഒന്നാമതെത്തിയത്. നിലവിൽ 64.7 ദശലക്ഷം പേരാണ് മോഡിയെ പിന്തുടരുന്നത്.

ട്വിറ്ററിൽ അക്കൗണ്ട് നിർത്തലാക്കുന്നത് വരെ ട്രംപിനെ 88.7 ദശലക്ഷം പേരായിരുന്നു പിന്തുടർന്നിരുന്നത്. 127.9 ദശലക്ഷം പേർ പിന്തുടരുന്ന മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയാണ് ഏറ്റവും കൂടുതൽ ട്വിറ്റർ ഫോളോവേഴ്‌സുള്ള രരാഷ്ട്രീയക്കാരൻ.

നിലവിൽ യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന് ട്വിറ്ററിൽ 23.3 ദശലക്ഷം ഫോളോവേഴ്‌സാണുള്ളത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് 24.2 ദശലക്ഷവും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് 21.2 ദശലക്ഷം ഫോളോവേഴ്‌സുണ്ട്. സമീപകാല ട്വീറ്റുകൾ ആക്രമണം പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് സ്ഥിരമായി പൂട്ടിയത്.

ട്രംപ് അനുകൂലികൾ ക്യാപിറ്റോൾ ആക്രമിച്ചതിനെ തുടർന്നാണ് നടപടി. എന്നാൽ, ട്വിറ്ററിൽ നിന്നും ഫേസ്ബുക്കിൽ നിന്നും ഇൻസ്റ്റഗ്രാമിൽ നിന്നുമേറ്റ തിരിച്ചടികൾക്ക് പിന്നാലെ സ്വന്തമായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം നിർമ്മിക്കാനുള്ള പുറപ്പാടിലാണ് ട്രംപ്.

Exit mobile version