കോവിഡ് വാക്‌സിന്‍ വിതരണം അടുത്തയാഴ്ച മുതല്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം ഈ മാസം 13 മുതല്‍ ആരംഭിക്കും. ദിവസങ്ങള്‍ക്കുള്ളില്‍
കോവിഡ് വാക്സിന്‍ വിതരണത്തിനായി സംസ്ഥാനങ്ങളില്‍ എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വാക്സിന്‍ കുത്തിവെപ്പ് എന്ന് തുടങ്ങുമെന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം കേന്ദ്ര സര്‍ക്കാര്‍ പിന്നീട് നടത്തുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.

രാജ്യത്താകെ നാല് സംഭരണ കേന്ദ്രങ്ങളുണ്ടാകും. കര്‍ണല്‍, കൊല്‍ക്കത്ത, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലായിരിക്കും വാക്‌സിന്‍ സംഭരണം. വ്യോമമാര്‍ഗമായിരിക്കും വാക്‌സിനെത്തിക്കുക. ശേഷം 37 കേന്ദ്രങ്ങള്‍ വഴി വാക്‌സിന്‍ വിതരണം ചെയ്യുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. 28,000 കോള്‍ഡ് സ്റ്റോറേജുകള്‍ വാക്സിന്‍ സംഭരണത്തിനായി തയ്യാറായിട്ടുണ്ട്.

വാക്സിന്‍ എടുക്കേണ്ടവര്‍ക്ക് ‘കോവിന്‍’ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. ആരോഗ്യ പ്രവര്‍ത്തകര്‍, സൈനികര്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങി കോവിഡ് പ്രതിരോധത്തിന്റെ മുന്‍നിരയില്‍നിന്ന് പ്രവര്‍ത്തിച്ചവര്‍ക്ക് രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. അവരുടെ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ കൈവശമുണ്ടെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്.

Exit mobile version