മധ്യപ്രദേശില്‍ പക്ഷിപ്പനി അതിരൂക്ഷം; 15 ദിവസത്തേയ്ക്ക് കോഴിക്കടകള്‍ അടച്ചിടാന്‍ ഉത്തരവ്, കോഴി മുട്ടയും വില്‍ക്കരുത്!

മദ്സൗര്‍: മധ്യപ്രദേശില്‍ പക്ഷിപ്പനി അതിരൂക്ഷമാവുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് 15 ദിവസത്തേയ്ക്ക് കോഴിക്കടകള്‍ അടച്ചിടാന്‍ ഉത്തരവായി. ഇതിന് പുറമെ, കോഴി മുട്ട വില്‍ക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മധ്യപ്രദേശിലെ മന്ദ്‌സൗര്‍ അധികൃതരുടേതാണ് ഉത്തരവ്.

സംസ്ഥാനത്ത് നിരവധി കാക്കകളില്‍ പക്ഷിപ്പനി വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. പക്ഷിപ്പനി മുന്നറിയിപ്പ് നല്‍കാന്‍ അധികൃതരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കോഴി, മുട്ട കടകള്‍ 15 ദിവസത്തേക്ക് അടച്ചിടാന്‍ ഉത്തരവിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിക്കുന്നു. ഇതുവരെ 100 കാക്കകളാണ് മദ്സൗറില്‍ മാത്രം പക്ഷിപ്പനി ബാധിച്ച് ചത്തത്.

ഇന്‍ഡോറിലെ ചത്ത കാക്കകളില്‍ പക്ഷിപ്പനി വൈറസ് കണ്ടെത്തിയതിനെത്തുടര്‍ന്ന് മധ്യപ്രദേശില്‍ പക്ഷിപ്പനി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും മറ്റ് ജില്ലകളില്‍ കൂടുതല്‍ പക്ഷിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നാണ് ലഭിക്കുന്ന വിവരം.

Exit mobile version