അതിതീവ്ര കൊവിഡ്: ഇന്ത്യയില്‍ ഇരുപത് പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു, കനത്ത ജാഗ്രത

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇരുപത് പേര്‍ക്ക് കൂടി യുകെയില്‍ കണ്ടെത്തിയ കൊവിഡ് വൈറസിന്റെ വകഭേദം കണ്ടെത്തി. ഇതോടെ രാജ്യത്ത് അതിതീവ്ര വൈറസ് ബാധിച്ചവരുടെ എണ്ണം 58 ആയി.
കൊറോണ വൈറസിന്റെ അതിവേഗം പടരുന്ന പുതിയ വകഭേദം കഴിഞ്ഞ ദിവസം കേരളത്തിലും കണ്ടെത്തിയിരുന്നു.

യുകെയില്‍ നിന്നും എത്തിയ ആറ് പേര്‍ക്കാണ് കേരളത്തില്‍ രോഗം സ്ഥിരീകരിച്ചത്. അതി തീവ്ര വൈറസ് കേരളത്തിലും കണ്ടെത്തിയ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. പുതിയ വൈറസിനെ കണ്ടെത്തിയ സാഹചര്യത്തില്‍ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും നിരീക്ഷണം കര്‍ശനമാക്കി.

അതേസമയം കൊവിഡിന്റെ പുതിയ വകഭേദം വേഗത്തില്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ബ്രിട്ടണില്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. അതിതീവ്ര കൊറോണ വൈറസ് വലിയ രീതിയിലുള്ള പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഒന്നരമാസത്തേക്കാണ് അടച്ചിടുന്നത്. ഫെബ്രുവരി പകുതിവരെയാണ് ലോക്ക് ഡൗണ്‍.

സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് മൂന്നാംതവണയാണ് ബ്രിട്ടണില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നത്.ഒറ്റദിവസം കൊണ്ട് അരലക്ഷത്തിലേറെ പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബ്രിട്ടനില്‍ ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് കണ്ടെത്തിയത് നാല് മാസം മുമ്പാണ്. നിലവിലെ കൊറോണ വൈറസിനെക്കാള്‍ പുതിയ വൈറസിന് 70 ശതമാനം വ്യാപനശേഷി കൂടുതലാണെന്ന് കഴിഞ്ഞ ദിവസം ബ്രിട്ടിഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക് വെളിപ്പെടുത്തിയിരുന്നു.

Exit mobile version