ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി വീണ്ടും നീട്ടി കേന്ദ്ര സർക്കാർ; തീരുമാനം കോവിഡ് പരിഗണിച്ച്

Income Tax | India News

ന്യൂഡൽഹി: ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള തീയതി നാലാംതവണയും നീട്ടി കേന്ദ്ര സർക്കാർ. ഓഡിറ്റില്ലാത്ത വ്യക്തികൾക്ക് 2020-21 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ ജനുവരി 10 വരെ സമർപ്പിക്കാമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഓഡിറ്റ് ചെയ്യേണ്ട വ്യക്തികളുടെയും കമ്പനികളുടെയും ആദായനികുതി റിട്ടേൺ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15 ആക്കിയും ദീർഘിപ്പിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് ജനങ്ങൾ നേരിട്ട പ്രതിസന്ധി കണക്കിലെടുത്താണ് ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിന് കാലാവധി നീട്ടാൻ കേന്ദ്ര സർക്കാർ തീരുമാനം.

അതേസമയം, പുതിയ തീയതി പ്രകാരവും ആദായ നികുതി ഒടുക്കിയില്ലെങ്കിൽ പിഴ ഈടാക്കുന്നതായിരിക്കും. വൈകിയാൽ 10,000 രൂപയാണ് പിഴ. വരുമാനം 5 ലക്ഷം രൂപയിൽ താഴെയെങ്കിൽ പിഴ 1000 രൂപയും അടയ്ക്കാനുള്ള നികുതിയിന്മേൽ മാസം 2% പലിശയും കൊടുക്കണം. അകാരണമായി വൈകുന്ന ഓഡിറ്റ് റിപ്പോർട്ടിനും പിഴയീടാക്കും.

അതേസമയം, നികുതി വിധേയമായ തുകയിൽ താഴെ വരുമാനം ലഭിക്കുന്നവർ റിട്ടേൺ സമർപ്പിക്കേണ്ടതില്ല. എങ്കിലും നികുതി സമർപ്പിക്കുന്നത് ഗുണം ചെയ്യും. വാർഷിക വരുമാനം അടിസ്ഥാന കിഴിവായ 2.5 ലക്ഷത്തിൽ താഴെയാണെങ്കിൽ ആദായ നികുതി നൽകേണ്ടതില്ല എന്നാണ് ചട്ടം. മുതിർന്ന പൗരൻമാർക്ക് ഒഴിവ് പരിധി 3 ലക്ഷം രൂപയാണ്. 60-80 വയസുകാർക്കാണ് ഈ ആനുകൂല്യം. 80 വയസിന് മുകളിലാണ് പ്രായമെങ്കിൽ 5 ലക്ഷം രൂപ വരെ നികുതി ഒഴിവ് പരിധിയിലാണ്. അതുകൊണ്ട് വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കുറവാണെങ്കിൽ റിട്ടേൺ നൽകിയില്ലെങ്കിലും പ്രശ്‌നമുണ്ടാവില്ല.

എന്നാൽ വർഷാവർഷം ആദായ നികുതി റിട്ടേൺ സമർപ്പിക്കുകയാണെങ്കിൽ ഗുണകരമാകുകയും ചെയ്യും. ഭവന വായ്പയ്ക്കും മറ്റുമായി ബാങ്കിനെ സമീപിക്കുകയാണെങ്കിൽ മൂന്ന് വർഷത്തെ ആദായ നികുതി റിട്ടേൺ ചോദിക്കാറുണ്ട്. സ്വയം തൊഴിലിലേർപ്പെട്ടിരിക്കുന്നവരോ, കരാർ ജോലി ചെയ്യുന്നവരോ, അല്ലെങ്കിൽ മറ്റ് അസംഘടിത മേഖലയിൽ തൊഴിലെടുക്കുന്നവരോ കൃത്യമായ വരുമാനത്തിന് തെളിവില്ലാത്തവരായിരിക്കും.

ഇത്തരം ആളുകൾ സ്വയം ആധികാരികമായി വർഷാവർഷം വെളിപ്പെടുത്തുന്ന വരുമാനം ബാങ്കുകൾ വായ്പകാര്യത്തിന് പരിഗണിക്കാറുണ്ട്. തുടർച്ചയായി റിട്ടേൺ നൽകിയത് വിദേശയാത്രയ്ക്കും മറ്റും വിസ അപേക്ഷ നൽകുമ്പോഴും ഗുണം ചെയ്യും. അതുപോലെ പലിശ, കമ്മീഷൻ, വാടക തുടങ്ങി നിങ്ങളുടെ ഏതെങ്കിലും വരുമാനത്തിൽ നിന്നും ടിഡിഎസ് (സ്രോതസിൽ നിന്നുള്ള നികുതി) പിടിച്ചിട്ടുണ്ടെങ്കിൽ അത് റീഫണ്ടായി നേടാനും റിട്ടേൺ ഫയൽ ചെയ്തൽ മാത്രമാണ് സാധിക്കുക.

Exit mobile version