കര്‍ഷക സമരം 34ാം ദിവസത്തിലേക്ക്; പട്നയിലും തഞ്ചാവൂരിലും ഇന്ന് കൂറ്റന്‍ റാലികള്‍ നടത്തുമെന്ന് കര്‍ഷക സംഘടനകള്‍, കേന്ദ്രവുമായുള്ള ചര്‍ച്ച നാളെ

farmers protest | big news live

ന്യൂഡല്‍ഹി: കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന സമരം 34 ദിവസത്തില്‍ എത്തിയിരിക്കുകയാണ്. സമരം കൂടുതല്‍ ശക്തമാക്കാന്‍ തന്നെയാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. പട്നയിലും തമിഴ്നാട്ടിലെ തഞ്ചാവൂരിലും ഇന്ന് കൂറ്റന്‍ റാലികള്‍ നടത്തുമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. മണിപ്പൂരിലും ഹൈദരാബാദിലും നാളെ കര്‍ഷക റാലി സംഘടിപ്പിക്കും.

അതേസമയം സമരംചെയ്യുന്ന കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ ബുധനാഴ്ച ചര്‍ച്ചനടത്തും. ഉച്ചയ്ക്കു രണ്ട് മണിക്ക് വിജ്ഞാന്‍ഭവനില്‍ ചര്‍ച്ചയ്ക്കായി ക്ഷണിച്ച് സംയുക്ത കിസാന്‍ മോര്‍ച്ചയിലെ 40 നേതാക്കള്‍ക്ക് കൃഷിമന്ത്രാലയത്തിലെ ജോയന്റ് സെക്രട്ടറി വിവേക് അഗര്‍വാള്‍ കത്ത് അയച്ചിട്ടുണ്ട്.


കര്‍ഷകര്‍ ഉന്നയിച്ചിട്ടുള്ള എല്ലാ സുപ്രധാന വിഷയങ്ങളിലും യുക്തിസഹമായ പരിഹാരമുണ്ടാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. പുതുവര്‍ഷത്തിന് മുമ്പേ കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കാനുളള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍.

ഇന്ന് രാവിലെ 11 മണിക്ക് ചര്‍ച്ചയ്ക്ക് വരാമെന്നായിരുന്നു കര്‍ഷക സംഘടനകളുടെ നിലപാട്. എന്നാല്‍ കൂടിയാലോചനകള്‍ വേണ്ടതിനാല്‍ ബുധനാഴ്ച ഉച്ചക്ക് 2 മണിയിലേക്ക് ചര്‍ച്ച മാറ്റുകയാണെന്നാണ് കര്‍ഷക സംഘടനകളെ സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. നിയമങ്ങള്‍ പിന്‍വലിക്കുക, താങ്ങുവിലക്കായി ഉറപ്പ്, സൗജന്യ വൈദ്യുതി തുടങ്ങി നാല് ആവശ്യങ്ങള്‍ മുന്നോട്ടുവെച്ചാണ് സര്‍ക്കാരുമായി നാളെ കര്‍ഷക സംഘടനകള്‍ ചര്‍ച്ചക്ക് പോകുന്നത്. സര്‍ക്കാര്‍ അയയുന്നില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കാന്‍ തന്നെയാണ് കര്‍ഷക സംഘടനകളുടെ തീരുമാനം.


ഇതിനു മുന്നോടിയായി ഉത്തരാഖണ്ഡില്‍ നിന്നും നൂറുകണക്കിന് കര്‍ഷകര്‍ ട്രാക്ടറുകളില്‍ ഡല്‍ഹി-യുപി അതിര്‍ത്തിയിലേക്കു തിരിച്ചിട്ടുണ്ട്. പഞ്ചാബില്‍ നിന്നുള്ള കൂടുതല്‍ കര്‍ഷകര്‍ ട്രാക്ടറുകളില്‍ ഭക്ഷ്യധാന്യശേഖരവുമായി ഡല്‍ഹിക്ക് പുറപ്പെട്ടിട്ടുണ്ട്. ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ കര്‍ഷകരുടെ റിലേ നിരാഹാര സത്യാഗ്രഹം ഇപ്പോഴും തുടരുകയാണ്.

Exit mobile version