രാജസ്ഥാനില്‍ രണ്ട് മണ്ഡലങ്ങളില്‍ ചെങ്കൊടി പാറിച്ച് സിപിഎം; പിന്തുണയായത് കര്‍ഷക സമരങ്ങളും കര്‍ഷക പിന്തുണയും!

ബിജെപി സര്‍ക്കാര്‍ കര്‍ഷകരെ കൈയൊഴിഞ്ഞപ്പോള്‍ അവര്‍ക്കൊപ്പം നിന്ന് പ്രക്ഷോഭങ്ങളും റാലികളും സംഘടിപ്പിച്ചാണ് സിപിഎം കര്‍ഷകര്‍ക്ക് താങ്ങായത്

ജയ്പൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനിലെ രണ്ട് മണ്ഡലങ്ങളില്‍ സിപിഎമ്മിന് വിജയം. ദുംഗര്‍ഗഢ്, ഭാദ്ര മണ്ഡലങ്ങളാണ് ഇത്തവണ ചെങ്കൊടി കീഴില്‍ വിജയം നേടിയത്. ദുംഗര്‍ഗഢില്‍ നിന്ന് സിപിഎം സ്ഥാനാര്‍ത്ഥി ഗിര്‍ധാരി ലാല്‍ 23000ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനും ഭാദ്രയില്‍ നിന്ന് ബല്‍വാന്‍ പൂനിയയും വിജയമുറപ്പിച്ചു.

ബിജെപിയുടെ ജൈത്രയാത്ര കണ്ട 2013 നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് സീറ്റൊന്നും ലഭിച്ചിരുന്നില്ല. ഈ തിരഞ്ഞെടുപ്പില്‍ 28 സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ച സിപിഎമ്മിന് ഈ രണ്ട് സീറ്റുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. ഏഴ് മണ്ഡലങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനും പാര്‍ട്ടിക്കായി.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നോട്ടയ്ക്കും പിറകിലായിരുന്ന മണ്ഡലത്തിലാണ് ഇത്തവണ കാല്‍ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സിപിഎം വിജയിച്ചത്. 2013 ല്‍ ബിജെപിയുടെ കൃഷ്ണ റാം 78278 വോട്ട് നേടിയാണ് ജയിച്ചത്. ആകെ പോള്‍ ചെയ്തതിന്റെ 50.34 ശതമാനം വോട്ടാണ് ബിജെപിയ്ക്ക് അന്ന് ലഭിച്ചിരുന്നത്. കോണ്‍ഗ്രസ് 62076 വോട്ട് നേടിയിരുന്നു.

2597 വോട്ടായിരുന്നു നോട്ടയ്ക്ക് ലഭിച്ചിരുന്നത്. സിപിഎമ്മിന്റെ അശോക് കുമാറിന് അന്ന് ലഭിച്ചത് കേവലം 2527 വോട്ടായിരുന്നു. എന്നാല്‍, ഇത്തവണ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചാണ് ഗിര്‍ധാരി ലാല്‍ 23000ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയമുറപ്പിച്ചത്.

ബിജെപി സര്‍ക്കാര്‍ കര്‍ഷകരെ കൈയൊഴിഞ്ഞപ്പോള്‍ അവര്‍ക്കൊപ്പം നിന്ന് പ്രക്ഷോഭങ്ങളും റാലികളും സംഘടിപ്പിച്ചാണ് സിപിഎം കര്‍ഷകര്‍ക്ക് താങ്ങായത്. അതാണ് തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചതും.

Exit mobile version