ജനിതക മാറ്റം വന്ന കൊറോണ വൈറസിന്റെ വ്യാപനം; യുകെയില്‍ നിന്നെത്തുന്ന വൈറസ് ബാധിതര്‍ക്ക് പ്രത്യേക ഐസൊലേഷന്‍, പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി ആരോഗ്യമന്ത്രാലയം

passengers | big news live

ന്യൂഡല്‍ഹി: ജനിതക മാറ്റം വന്ന കൊറോണ വൈറസ് വ്യാപനം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ യുകെയില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റും കൊവിഡ് പോസിറ്റീവ് ആകുന്നവര്‍ക്ക് പ്രത്യേക ഐസൊലേഷനും സജ്ജമാക്കാന്‍ മാര്‍ഗനിര്‍ദേശമായി.

വിമാനത്താവളത്തില്‍ വെച്ച് നടത്തുന്ന കൊവിഡ് ടെസ്റ്റില്‍ പോസിറ്റീവാകുന്നവരുടെ സഹയാത്രികര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനും നിര്‍ബന്ധമാക്കി. അതേസമയം പ്രത്യേക ഐസൊലേഷനില്‍ പാര്‍പ്പിച്ചിട്ടുള്ളവരുടെ സ്രവസാമ്പിളുകള്‍ ലണ്ടന്‍ വകഭേദമാണോ എന്ന് കണ്ടെത്താന്‍ പൂണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കണമെന്നും നിര്‍ദേശത്തിലുണ്ട്.

’17 തരത്തിലുള്ള ജനിതക വ്യതിയാനം സംഭവിച്ച കൊവിഡ് വൈറസ് വകഭേദമാണിത്. ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങള്‍ വൈറസിന്റെ ശക്തി കൂട്ടുകയും ആളുകളില്‍ പരസ്പരം പകരാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും’ എന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത്.

ഡിസംബര്‍ 21 മുതല്‍ 23വരെ രാജ്യത്ത് എത്തുന്നവര്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ ഇവയൊക്കെയാണ്, ഇംഗ്ലണ്ടില്‍ നിന്നു വന്ന എല്ലാ യാത്രക്കാരും കഴിഞ്ഞ 14 ദിവസത്തെ അവരുടെ യാത്രാ ചരിത്രം രേഖപ്പെടുത്തണം. എല്ലാ യാത്രക്കാരും സ്വയം സാക്ഷ്യപ്പെടുത്തിയ ഫോം പൂരിപ്പിക്കുകയും വേണം. ഇവരെ നിര്‍ബന്ധമായും ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയമാക്കണം. അതാത് സംസ്ഥാന സര്‍ക്കാരുകള്‍ വേണം ഇത് നടപ്പിലാക്കാന്‍.

പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകള്‍ പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കണം. ലണ്ടനിലെ വകഭേദം സംഭവിച്ച വൈറസ് സാമ്പിളാണോ എന്ന് മനസ്സിലാക്കുന്നതിനാണിത്.
പുതിയ വകഭേദം വന്ന വൈറസിന്റെ സാന്നിധ്യം കണ്ടെത്തുകയാണെങ്കില്‍ പ്രത്യേക ഐസൊലേഷന്‍ വാര്‍ഡുകളില്‍ ഇവരെ പ്രവേശിപ്പിക്കണം. പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങളെ കുറിച്ച് ചെക്ക് ഇന്‍ ചെയ്യുന്നതിന് മുമ്പ് തന്നെ യാത്രക്കാര്‍ക്ക് എയര്‍ലൈനുകള്‍ വിവരം നല്‍കണമെന്നും നിര്‍ദേശമുണ്ട്.

Exit mobile version