തന്റെ വളര്‍ച്ചയില്‍ പലര്‍ക്കും അസൂയ, ചായക്കട തീയില്‍ ചാമ്പലാക്കുമെന്ന് ഭീഷണി; വീടുവിട്ട് പുറത്തുപോകാന്‍ ഭയം തോന്നുന്നുവെന്ന് ബാബാ കാ ദാബാ ഉടമ

kanta prasad | big news live

ന്യൂഡല്‍ഹി: കൊവിഡ് കാലത്ത് സോഷ്യല്‍ മീഡിയയിലൂടെ വൈറലായവരാണ് ഡല്‍ഹിയിലെ മാളവ്യ നഗറില്‍ ബാബാ കാ ദാബ എന്ന പേരില്‍ ചായക്കട നടത്തിയിരുന്ന കാന്താപ്രസാദും ഭാര്യയും. കൊവിഡ് തങ്ങളുടെ കച്ചവടത്തെ തകര്‍ത്തുവെന്നും ജീവിക്കാന്‍ വേറെ വഴിയില്ലെന്നും നിറകണ്ണുകളോടെ പറയുന്ന ഇവരുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഗൗരവ് വാസന്‍ എന്ന യൂട്യൂബറാണ് ഇവരുടെ ദുരിതം വീഡിയോയില്‍ പകര്‍ത്തി പുറംലോകത്തെ അറിയിച്ചത്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് ഇവരെ സഹായിക്കാന്‍ രംഗത്ത് എത്തിയത്.

ഇപ്പോഴിതാ തനിക്ക് വധഭീഷണി നേരിടുന്നുവെന്ന് വ്യക്തമാക്കി പരാതി നല്‍കിയിരിക്കുകയാണ് കാന്താപ്രസാദ്. കച്ചവടം ഉഷാറായതോടെ പലര്‍ക്കും തന്നോട് അസൂയ ഉണ്ടെന്നും ചായക്കട തീയില്‍ ചാമ്പലാക്കുമെന്ന് ഭീഷണി വന്നുവെന്നും തനിക്ക് വീടുവിട്ടു പുറത്തുപോകാന്‍ ഭയം തോന്നുന്നുവെന്നുമാണ് കാന്താപ്രസാദ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

തന്റെ ഈ വളര്‍ച്ചയില്‍ നിരവധി പേര്‍ അസൂയാലുക്കളാണെന്നും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഫോണിലൂടെ തന്നെ നിരവധി പേരാണ് വിളിച്ച് ഭീഷണിപ്പെടുത്തുന്നുവെന്നും കാന്താപ്രസാദ് മാളവ്യ നഗര്‍ പോലീസ് സ്റ്റേഷനില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.

അതേസമയം ഈ ഭീഷണികള്‍ക്ക് പുറകില്‍ യൂട്യൂബര്‍ ഗൗരവ് വാസന്‍ ആണെന്നാണ് കാന്താപ്രസാദിന്റെ വക്കീല്‍ പ്രേം ജോഷി പറയുന്നത്. ഇക്കഴിഞ്ഞ ഒക്ടോബറില്‍ കാന്താപ്രസാദിന്റെ പരാതിയില്‍ ഗൗരവ് വാസനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ് എടുത്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവെച്ച ഗൗരവ് വാസന്‍ തനിക്കു വേണ്ടി സഹായങ്ങള്‍ അഭ്യര്‍ത്ഥിക്കുകയും സ്വന്തം അക്കൗണ്ട് നമ്പര്‍ നല്‍കുകയുമാണ് ചെയ്തതെന്ന് കാണിച്ചാണ് കാന്താപ്രസാദ് പരാതി നല്‍കിയത്. ഇതാണ് വൈരാഗ്യത്തിന് കാരണം എന്നാണ് കരുതുന്നത്.

അതേസമയം കാന്താപ്രസാദിനെ പലരും തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും പോലീസ് ഈ വിഷയത്തില്‍ സത്യം തെളിയിക്കുമെന്നാണ് കരുതുന്നതെന്നുമാണ് ഗൗരവ് വാസന്‍ പ്രതികരിച്ചത്. ഗൗരവ് വാസന്‍ പകര്‍ത്തിയ വീഡിയോയിലൂടെയാണ് ഇവരുടെ ദുരിത ജീവിതം പുറംലോകം അറിയുന്നത്. മുപ്പതും അമ്പതും രൂപയ്ക്ക് ദാലും ചോറും പൊറോട്ടയുമൊക്കെ വില്‍ക്കുന്ന കടയാണ് ബാബാ കാ ദാബാ. എന്നാല്‍ കൊവിഡ് മഹാമാരി വ്യാപിച്ചതോടെ തങ്ങള്‍ക്ക് നിത്യവൃത്തിക്കുള്ള പണംപോലും കച്ചവടത്തിലൂടെ കിട്ടുന്നില്ലെന്ന് ബ്ലോഗറോടു സംസാരിക്കവേ ബാബയുടെ മുഖം കണ്ണീരില്‍ക്കുതിരുകയായിരുന്നു. ഈ വീഡിയോ ആണ് വൈറലായത്.

അതേസമയം ഡല്‍ഹിയില്‍ തന്റെ പഴയ ചായക്കടയുടെ അടുത്തായി പുതിയ ഒരു ഹോട്ടല്‍ തുടങ്ങിയിരിക്കുകയാണ് കാന്തപ്രസാദ്. ബാബാ കാ ദാബ എന്ന് തന്നെയാണ് അതിനും പേരിട്ടിരിക്കുന്നത്. ചൈനീസ്, ഇന്ത്യന്‍ വിഭവങ്ങള്‍ ആണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

Exit mobile version