ജനിതക മാറ്റം വന്ന കൊറോണ വൈറസിന്റെ വ്യാപനം; യുകെയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

flight | big news live

ന്യൂഡല്‍ഹി: ബ്രിട്ടണില്‍ ജനിതക മാറ്റം വന്ന കൊറോണ വൈറസിന്റെ വ്യാപനം റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ യുകെയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ ഡിസംബര്‍ 31 അര്‍ധരാത്രി വരെയാണ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

അതേസമയം മുന്‍കരുതലുകളുടെ ഭാഗമായി ചൊവ്വാഴ്ച അര്‍ധരാത്രിക്ക് മുമ്പായി യുകെയില്‍ നിന്ന് എത്തുന്ന എല്ലാ യാത്രക്കാരെയും വിമാനത്താവളങ്ങളില്‍ വെച്ച് നിര്‍ബന്ധിത ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയരാക്കുമെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു. യുകെ വഴി വരുന്ന വിമാന യാത്രികര്‍ക്കും ഈ പരിശോധന നിര്‍ബന്ധമാണ്.

ബ്രിട്ടണില്‍ ജനിതക മാറ്റം വന്ന കൊറോണ വൈറസിനെ കണ്ടെത്തിയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആണ് അറിയിച്ചത്. ആദ്യ വൈറസിനെക്കാള്‍ 70 ശതമാനത്തിധികം വേഗത്തില്‍ പടര്‍ന്നുപിടിക്കുന്നതാണ് പുതിയ വൈറസെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച മാത്രം 13000 പേര്‍ക്കാണ് പുതിയ തരം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ലണ്ടന്‍ മേഖലയിലും തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടിലുമാണ് രോഗവ്യാപനം നടന്നിരിക്കുന്നത്.

അതേസമയം ജനിതക മാറ്റം വന്ന വൈറസിന്റെ വ്യാപനത്തെ തുടര്‍ന്ന് നിരവധി രാജ്യങ്ങള്‍ ഇതിനോടകം യുകെയിലേക്കുള്ള വിമാന ഗസര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സൗദി അറേബ്യ കര, നാവിക, വ്യോമ അതിര്‍ത്തികള്‍ വീണ്ടും അടച്ചിരിക്കുകയാണ്. ഒരാഴ്ചത്തേക്കാണ് അടച്ചത്. ആവശ്യമെങ്കില്‍ വീണ്ടും വിലക്ക് തുടരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Exit mobile version