ഒരു നേതാവിനെ ഉയര്‍ത്തിക്കാണിക്കാതെ തെരഞ്ഞെടുപ്പ് നേരിട്ട കോണ്‍ഗ്രസിന് ഛത്തീസ്ഗഢില്‍ അട്ടിമറി വിജയം! നിലതെറ്റി ബിജെപി; കാര്യമായ പ്രകടനം കാഴ്ച വയ്ക്കാതെ അജിത് ജോഗി

ന്യൂഡല്‍ഹി: ഒരു നേതാവിനെ ഉയര്‍ത്തിക്കാണിക്കാതെ തെരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസിന് ഛത്തീസ്ഗഢില്‍ അട്ടിമറി വിജയം. 90 ല്‍ 65 സീറ്റുകളില്‍ വിജയിക്കുകയോ ലീഡു ചെയ്യുകയോ ചെയ്ത് അധികാരികമായ വിജയമാണ് കോണ്‍ഗ്രസ് നേടിയത്. ബിജെപി 17 സീറ്റുകളില്‍ വിജയിക്കുകയോ ലീഡുചെയ്യുകയോ ചെയ്യുന്നു.

കഴിഞ്ഞ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ഛത്തീസ്ഗഢ് ഭരിക്കുന്ന മുഖ്യമന്ത്രി രമണ്‍ സിങ്ങിന്റെ അധികാരത്തുടര്‍ച്ചാ മോഹങ്ങള്‍ തകര്‍ത്താണ് കോണ്‍ഗ്രസിന്റെ മുന്നേറ്റം. പ്രത്യേക ഒരു നേതാവിനെ ഉയര്‍ത്തികാണിക്കാതെയാണ് ഈ വിജയം നേടിയത് എന്നതാണ് വിജയത്തിന്റെ തിളക്കം കൂട്ടുന്നത്.

ഛത്തീസ്ഗഢിന്റെ ആദ്യ മുഖ്യമന്ത്രി അജിത് ജോഗിയുടെ മൂന്നാം മുന്നണിയ്ക്ക് കാര്യമായ പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. കോണ്‍ഗ്രസുമായി പിണങ്ങി ജനതാ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുമായിട്ടായിരുന്നു അജിത് ജോഗി മത്സരിച്ചത്.

ഛത്തീസ്ഗഢിന് സംസ്ഥാനം രൂപീകൃതമായ പതിനെട്ട് വയസു തികഞ്ഞവേളയില്‍ നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം കോണ്‍ഗ്രസിന്റെ കൃത്യമായ മേധാവിത്വമായിരുന്നു. ഗ്രാമീണമേഖലകള്‍ കോണ്‍ഗ്രസ് തൂത്തുവാരി. നഗരങ്ങളിലെ ബിജെപി കോട്ടകള്‍ ഇളകി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള വോട്ടുവ്യത്യാസം വെറും ഒരു ശതമാനത്തില്‍ താഴേയായിരുന്നു. എന്നാല്‍ ഇത്തവണ ഇരുപത് ശതമാനം വോട്ടിന്റെ വ്യത്യാസമാണ് ഉണ്ടായിരിക്കുന്നത്.

അജിത് ജോഗിയും ബിഎസ്പിയും ചേര്‍ന്ന മൂന്നാംമുന്നണി കോണ്‍ഗ്രസ് വോട്ടുകള്‍ ഭിന്നിപ്പിക്കുമെന്ന കണക്കുകൂട്ടല്‍ തെറ്റി. മറിച്ച് പട്ടിക വിഭാഗ സംവരണ സീറ്റുകള്‍ ബിജെപിക്ക് നഷ്ടമാകുന്ന സാഹചര്യമാണ് മൂന്നാംമുന്നണിയുടെ സാന്നിധ്യമുണ്ടാക്കിയത്.

പിസിസി അധ്യക്ഷന്‍ ഭൂപേഷ് ബാഗല്‍, നിയമസഭാ പ്രതിപക്ഷ നേതാവായ ടിഎസ് സിങ്‌ദേവ് എന്നിവര്‍ക്കാണ് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഏറെ പരിഗണന കല്‍പ്പിക്കപ്പെടുന്നത്. ഭരണ വിരുദ്ധവികാരം മൂന്നുസംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍
രാജസ്ഥാനില്‍ ആണെന്നായിരുന്നു കണക്കു കൂട്ടല്‍
എന്നാല്‍ ഛത്തീസ്ഗഢിലായിരുന്നുവെന്നാണ് ജനഹിതം വ്യക്തമാക്കുന്നത്.

ഗ്രാമീണ മേഖലകളിലെ അസംതൃപ്തിയും കാര്‍ഷക രോഷവും നോട്ട് അസാധുവാക്കല്‍ അടക്കമുള്ള സാമ്പത്തിക പരിഷ്‌ക്കരണങ്ങളോടുള്ള ജനങ്ങളുടെ വിയോജിപ്പും കൃത്യമായി അടയാളപ്പെടുത്തുന്ന തെരഞ്ഞെടുപ്പ് ഫലമായിരുന്നു ഛത്തീസ്ഗഢിലെത്. ഈ ഫലം വ്യക്തമാക്കുന്നത് വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി നേരിടാന്‍ പോകുന്ന വെല്ലുവിളിയും മോഡിക്കുള്ള അപായ സൂചനയുമാണ്.

Exit mobile version