കര്‍ഷകരെ തടയാന്‍ കേന്ദ്രസര്‍ക്കാരിനൊപ്പം ഫേസ്ബുക്കും, സമരത്തില്‍ പങ്കെടുത്തവരുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ നീക്കം ചെയ്തു

ന്യഡല്‍ഹി: കര്‍ഷകരെ പൂട്ടാന്‍ കേന്ദ്രസര്‍ക്കാരിനൊപ്പം ഫേസ്ബുക്കും. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം നടത്തുന്ന കര്‍ഷകരുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ നീക്കം ചെയ്തതായി പരാതി.

കര്‍ഷകപ്രക്ഷോഭം ലൈവായി കാണിക്കാന്‍ തുടങ്ങിയതിന് പിന്നാലെ കര്‍ഷക സംഘടനയായ കിസാന്‍ ഏക്ത മോര്‍ച്ചയുടെ പേജും ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്തു. ഏഴ് ലക്ഷത്തിലധികം പേര്‍ പിന്തുടരുന്ന പേജാണ് ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തത്.

ഫേസ്ബുക്ക് കമ്മ്യൂണിറ്റി താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമെന്നാരോപിച്ചാണ് പേജുകള്‍ ബ്ലോക്ക് ചെയ്തത്. തിങ്കളാഴ്ച മുതല്‍ കര്‍ഷകര്‍ നിരാഹാര സമരത്തിലേക്ക് കടക്കുമെന്ന പ്രഖ്യാപനവുമായി സ്വരാജ് ഇന്ത്യ അധ്യക്ഷന്‍ യോഗേന്ദ്ര യാദവ് രംഗത്തെത്തിയതിനു പിന്നാലെയാണ് ഫേസ്ബുക്ക് പേജുകള്‍ നീക്കം ചെയ്തത്.

അതേസമയം, കര്‍ഷക പ്രതിഷേധം 25ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ദല്‍ഹിയിലെ ഗുരുദ്വാര പ്രധാനമന്ത്രി നരേന്ദ്ര മോഡി സന്ദര്‍ശിച്ചതില്‍ വ്യാപക പ്രതിഷേധമുയരുകയാണ്. തണുപ്പത്തുകിടന്ന് പ്രതിഷേധിക്കുന്ന കര്‍ഷകരെ കാണാന്‍ നേരമില്ലാത്ത മോഡിയുടെ ഗുരുദ്വാര സന്ദര്‍ശനം വെറും നാടകമാണെന്നാണ് കര്‍ഷകരുടെ പ്രതികരണം. നാടകം കളിക്കുകയല്ല നിയമം പിന്‍വലിക്കുകയാണ് വേണ്ടതെന്നും കര്‍ഷകര്‍ പറഞ്ഞു.

കര്‍ഷക പ്രതിഷേധം കേന്ദ്രത്തിന്റെ കയ്യിലൊതുങ്ങില്ലെന്ന് മനസ്സിലായതോടെ പ്രതിഷേധിക്കുന്ന സിഖ് കര്‍ഷകരെ പ്രീതിപ്പെടുത്താനാണ് മോദിയുടെ ഈ നീക്കമെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. കാര്‍ഷിക നിയമം കര്‍ഷകര്‍ക്ക് ഗുണം ചെയ്യുമെന്നും പിന്‍വലിക്കേണ്ട ആവശ്യം ഇല്ലെന്നുമാണ് മോഡി നിരന്തരം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

Exit mobile version