ഇതിനൊക്കെ ഒരു പരിധിയില്ലെടേയ്, എന്തൊരു വേഷം കെട്ടലാണ് ഷാ!; രൂക്ഷ വിമര്‍ശനവുമായി പ്രശാന്ത് ഭൂഷണ്‍

കൊല്‍ക്കത്ത: എന്തൊരു വേഷം കെട്ടലാണിതെന്ന് കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ രംഗത്ത്. ബംഗാളിലെ ബി.ജെ.പിയുടെ റാലിക്ക് പിന്നാലെയായാണ് വിമര്‍ശനവുമായി ഭൂഷണ്‍ രംഗത്തെത്തിയത്.

ആയിരക്കണക്കിന് ആളുകളാണ് ബിജെപി റാലിയില്‍ തടിച്ചുകൂടിയത്. കൊവിഡിന്റെ പേര് പറഞ്ഞ് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നിര്‍ത്തലാക്കുകയും അതേസമയം, ആയിരക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് ബംഗാളില്‍ റാലിനടത്തുകയും ചെയ്ത നടപടി ബി.ജെ.പിയുടെ കാപട്യമാണ് വ്യക്തമാക്കുന്നതെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അമിത് ഷാ ബംഗാളില്‍ എത്തിയത്. കൊവിഡിന്റെ പേരില്‍ പാര്‍ലമെന്റ് സമ്മേളനം നടത്താന്‍ പറ്റില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞതിന് പിന്നാലെയാണ് ബംഗാളില്‍ ആയിരങ്ങളെക്കൂട്ടിയുള്ള റാലി സംഘടിപ്പിച്ചത്.

ഇതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ പാര്‍ലമെന്റ് ശീതകാല സമ്മേളനം ഇല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിത്. കോവിഡ് വ്യാപനം ഒഴിവാക്കാന്‍ ശീതകാല സമ്മേളനം ഒഴിവാക്കുന്നതിനെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അനുകൂലിച്ചതായാണ് പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞത്.

ജനുവരിയില്‍ ബജറ്റ് സമ്മേളനത്തിലേക്ക് നേരിട്ട് കടക്കുമെന്നും അദ്ദേഹം അറിയിച്ചു. കര്‍ഷക പ്രതിഷേധം ശക്തിപ്പെട്ടുക്കൊണ്ടിരിക്കുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള തീരുമാനം.

Exit mobile version