പിടിതരാതെ കൊലയാളി കാട്ടാന; ആറാം ദിവസവും തെരച്ചില്‍ ശക്തമാക്കി ദൗത്യസംഘം

wild elephant | big news live

ഗൂഡല്ലൂര്‍: നീലഗിരിയിലെ കൊളപ്പള്ളിയിലും കണ്ണന്‍വയലിലും മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ കൊലയാളി കാട്ടാനയെ പിടികൂടാന്‍ ആറാം ദിവസവും തെരച്ചില്‍ ശക്തമാക്കി ദൗത്യസംഘം. കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാനുളള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്.

അതേസമയം ആനക്കൂട്ടത്തിനൊപ്പം ചേര്‍ന്ന ഈ കൊലയാളി കാട്ടാന പന്തല്ലൂര്‍ ഗ്ലെന്‍ റോക്ക് വനത്തിലൂടെ നിലമ്പൂര്‍ റേഞ്ചിന് കീഴിലെ മുണ്ടേരി കുമ്പളപ്പാറ വനമേഖലയിലേക്ക് കടന്നുവെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. മയക്കുവെടി സംഘം നടത്തിയ തെരച്ചിലിലാണ് ആനയെ കണ്ടെത്തിയത്. കൊളപ്പളളി, ചപ്പുതോട്, കോട്ടമല, കോരഞ്ചാല്‍ വരെയുളള ഭാഗങ്ങളില്‍ ആനയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ വനംവകുപ്പ് 25 ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.

മൂന്ന് പേരുടെ മരണത്തിനിടയാക്കിയ കാട്ടാനയെ കഴിഞ്ഞ ദിവസം മയക്കുവെടിവച്ചെങ്കിലും മറ്റ് ആനകള്‍ കൂടെയുണ്ടായിരുന്നതിനാല്‍ വനപാലകര്‍ക്ക് ഇതിന്റെ അടുത്തേക്ക് എത്താന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ അഞ്ച് ദിവസമായി ദൗത്യസംഘം കാട്ടാനയെ പിടികൂടാനുളള ശ്രമങ്ങള്‍ തുടരുകയാണ്. മൂന്ന് ഡ്രോണുകള്‍ ഉള്‍പ്പെടെ എത്തിച്ച് കാട്ടാനയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചിരുന്നു. കൊലയാളി കാട്ടാനയെ പിടികൂടി തളക്കാന്‍ തെപ്പക്കാട് ആനപ്പന്തിയില്‍ ആനക്കൊട്ടില്‍ ഒരുക്കിയിട്ടുണ്ട്.

അതേസമയം കഴിഞ്ഞ ദിവസം കുമ്പളപ്പാറ കോളനിയിലെ ആദിവാസികളില്‍ ചിലരും ഈ ആനയെ കണ്ടുവെന്നാണ് പറയുന്നത്. കൊലയാളി ആനയുടെ സാന്നിധ്യം ആദിവാസികളെ ഭീതിയിലാക്കിയിട്ടുണ്ട്. നീലഗിരി ഡിഎഫ്ഒ, നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒയുമായി ബന്ധപ്പെട്ട് ആനയെ പിടികൂടുന്നതിന് സഹായം തേടിയിട്ടുണ്ട്. തമിഴ്‌നാടിന്റെ മയക്കുവെടി സംഘവും നാല് താപ്പാനകളും 40 ജീവനക്കാരും സ്ഥലത്ത് ക്യാംപ് ചെയ്തിട്ടുണ്ട്.

Exit mobile version