സിഖ് പുരോഹിതന്‍ സന്ത് ബാബ റാം സിംഗിന്റെ ആത്മഹത്യ: കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് രാഹുലും കെജരിവാളും

arvind kejriwal | big news live

ന്യൂഡല്‍ഹി: സിഖ് പുരോഹിതന്‍ സന്ത് ബാബ റാം സിംഗിന്റെ ആത്മഹത്യയില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും. കേന്ദ്രസര്‍ക്കാര്‍ നയം കാരണം രാജ്യത്ത് ഇതിനോടകം നിരവധി കര്‍ഷകര്‍ ജീവത്യാഗം ചെയ്തുവെന്നും ഈ ക്രൂരത ചെയ്യുന്ന മോഡിസര്‍ക്കാര്‍ എല്ലാ അതിരുകളും ലംഘിച്ച് കഴിഞ്ഞിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കാര്‍ഷിക നിയമ ഭേദഗതി പിന്‍വലിക്കാന്‍ കേന്ദ്രം തയ്യാറാകണമെന്നും രാഹുല്‍ഗാന്ധി എംപി ആവശ്യപ്പെട്ടു.

അതേസമയം സിഖ് പുരോഹിതന്‍ സന്ത് ബാബ റാം സിംഗിന്റെ ആത്മഹത്യയെ കുറിച്ചുള്ള വാര്‍ത്ത വേദനയുണ്ടാക്കുന്നതാണെന്നാണ് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജരിവാള്‍ പറഞ്ഞത്. കര്‍ഷകര്‍ അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയാണ് സമരം ചെയ്യുന്നത്. സര്‍ക്കാര്‍ അതു കേള്‍ക്കാന്‍ തയ്യാറാകണമെന്നും കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്നും കെജരിവാള്‍ ആവശ്യപ്പെട്ടു.


കഴിഞ്ഞ ദിവസമാണ് ഹരിയാനയിലെ കര്‍ണാലില്‍ നിന്നുള്ള പുരോഹിതനായ ബാബ രാം സിംഗ് സ്വന്തം തോക്കുപയോഗിച്ച് ആത്മഹത്യ ചെയ്തത്. കര്‍ഷകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് തന്റെ ആത്മഹത്യയെന്നാണ് അദ്ദേഹം തന്റെ ആത്മഹത്യകുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. കര്‍ഷകര്‍ അവകാശങ്ങള്‍ക്കായി തെരുവിലിറങ്ങുന്നു. ആ ദുരവസ്ഥയ്ക്ക് ഞാന്‍ സാക്ഷ്യം വഹിച്ചു. സര്‍ക്കാര്‍ അവര്‍ക്ക് നീതി നല്‍കുന്നില്ല എന്നത് എന്നെ ഏറെ വേദനിപ്പിക്കുന്നു. ഇത് ഒരു അനീതിയാണ്. അടിച്ചമര്‍ത്തുന്നത് പാപമാണ്, എന്നാണ് ആത്മഹത്യക്കുറിപ്പില്‍ പറയുന്നത്.

അതേസമയം സന്ത് ബാബ റാം സിംഗിന്റെ ആത്മഹത്യയില്‍ അന്വേഷണം ആരംഭിച്ചതായി ഹരിയാന പോലീസ് അറിയിച്ചു. വെടിയേറ്റ നിലയില്‍ ആശുപത്രിയില്‍ എത്തിക്കും മുമ്പേ തന്നെ സന്ത് ബാബ റാം സിങ് മരിച്ചിരുന്നുവെന്നാണ് അദ്ദേഹത്തെ പരിശോധിച്ച പാനിപ്പത്ത് പാര്‍ക്ക് ആശുപത്രി അധികൃതര്‍ അറിയിച്ചത്.

Exit mobile version