യുവാക്കളെ ബോധവത്കരിക്കുക ലക്ഷ്യം; സർവകലാശാലകളിൽ കാമധേനു ചെയർ സ്ഥാപിക്കുമെന്ന് കേന്ദ്രം

Dhotre | india news

ന്യൂഡൽഹി: പുതുതലമുറയെ തദ്ദേശീയ പശുക്കളുടെ സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക പ്രാധാന്യത്തെക്കുറിച്ച് ‘ബോധവത്കരിക്കാൻ’ എല്ലാ സർവകലാശാലകളിലും കോളേജുകളിലും ‘കാമധേനു ചെയർ’ സ്ഥാപിക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ.

പശുക്കളിൽനിന്നുള്ള ഒട്ടേറെ നേട്ടങ്ങളാൽ സമ്പന്നമാണ് ഇന്ത്യൻ സമൂഹമെന്നും വിദേശ ഭരണാധികാരികളുടെ സ്വാധീനത്തിൽ നാം ഇക്കാര്യം മറന്നെന്നുമാണ് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ശ്രീസഞ്ജയ് ധോത്രെ കാമധേനു ചെയർ സ്ഥാപിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് പറഞ്ഞത്.

”ഒട്ടേറെ കോളേജുകളും സർവകലാശാലകളും കാമധേനു ചെയർ ആരംഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. തുടർന്ന് മറ്റുള്ളവയും ഈ പാത പിന്തുടരും” മന്ത്രിയുടെ വാക്കുകളിങ്ങനെ.

കൃഷി, ആരോഗ്യം എന്നിവയെക്കുറിച്ചുള്ള ബോധവത്കരണവും ഈ നടപടിയിലൂടെ കേന്ദ്രം ലക്ഷ്യം വെയ്ക്കുന്നുണ്ട്. രാഷ്ട്രീയ കാമധേനു ആയോഗ് ചെയർമാൻ ഡോ. വല്ലഭ്ഭായ് കതിരിയ മുന്നോട്ടുവെച്ച ഈ ആശയം നടപ്പാക്കാനാണ് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ശ്രീസഞ്ജയ് ധോത്രെ രാജ്യത്തെ വൈസ് ചാൻസലർമാരോട് ആഹ്വാനം ചെയ്തിരിക്കുന്നത്.

‘സർവകലാശാലകളിലെയും കോളേജുകളിലെയും കാമധേനു ചെയർ’ എന്ന വിഷയത്തിൽ യുജിസി, എഐസിടിഇ, എഐയു എന്നിവയുമായി സഹകരിച്ച് രാഷ്ട്രീയ കാമധേനു ആയോഗ് നടത്തിയ വെബിനാറിലാണ് മന്ത്രിയുടെ നിർദേശം.

Exit mobile version