കര്‍ഷക സമരം 21ാം ദിവസത്തിലേക്ക്; ഡല്‍ഹി-നോയിഡ അതിര്‍ത്തി കര്‍ഷകര്‍ ഇന്ന് ഉപരോധിക്കും

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന സമരം 21ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്ന് കര്‍ഷകര്‍ ഡല്‍ഹി – നോയിഡ അതിര്‍ത്തിയായ ചില്ല പൂര്‍ണമായി ഉപരോധിക്കും.

ഡല്‍ഹി – ആഗ്ര, ഡല്‍ഹി – ജയ്പൂര്‍ പാതകളിലെ ഉപരോധം തുടരുകയാണ്. കര്‍ഷകര്‍ ഡല്‍ഹിയിലേക്കുള്ള പാതകള്‍ ഓരോന്നായി ഉപരോധിക്കുകയാണ്. ഓരോ ദിവസം പിന്നിടും തോറും കര്‍ഷരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്.


ഡല്‍ഹിയുടെ അതിര്‍ത്തി പ്രദേശങ്ങളായ സിംഗു, ശംഭു, തിക്രി, ഗാസിപൂര്‍ എന്നിവിടങ്ങളിലേക്ക് കൂടുതല്‍ കര്‍ഷകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. അതേസമയം കര്‍ഷക സമരത്തിന്റെ ഭാഗമാകാന്‍ രാജസ്ഥാന്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് സ്ത്രീകള്‍ അടക്കമുള്ള കര്‍ഷക സംഘങ്ങള്‍ എത്തുന്നത് തുടരുകയാണ്.


അതേസമയം നിയമം എല്ലാവരും അംഗീകരിച്ചതാണെന്നും യഥാര്‍ത്ഥ കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നുമാണ് കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ പ്രതികരിച്ചത്. പുതിയ കാര്‍ഷിക നിയമത്തെ അനുകൂലിക്കുന്ന കര്‍ഷക സംഘടനകളുമായി കേന്ദ്ര മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തുന്നത് തുടരുകയാണ്. നിയമത്തെ അനുകൂലിച്ചുള്ള പ്രചാരണ പരിപാടികളും ബിജെപി ആരംഭിച്ചിട്ടുണ്ട്.

Exit mobile version